തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പേരില്‍ ലോക്കറുകള്‍ തുറന്നത് 2018 നവംബറിലും സ്വര്‍ണ കള്ളക്കടത്ത് തുടങ്ങിയത് 2019 ജൂലൈയിലുമാണെന്ന് കസ്റ്റംസ് അന്വേഷണ സംഘം കണ്ടെത്തി. ലോക്കറിന്റെ താക്കോല്‍ സൂക്ഷിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാല്‍ അയ്യരായിരുന്നു.
എം ശിവശങ്കറാണ് ലോക്കര്‍ തുടങ്ങാന്‍ സ്വപ്നയ്ക്ക് വേണുഗോപാലിനെ പരിചയപ്പെടുത്തിയതെന്നാണ് വിവരം. ശിവശങ്കറുടെ സുഹൃത്താണ് വേണുഗോപാല്‍. അനധികൃത ഇടപാടുകള്‍ക്ക് വേണ്ടിയാണ് ലോക്കര്‍ തുറന്നതെന്നാണ് കരുതുന്നത്. ലോക്കര്‍ വേണുഗോപാല്‍ പല തവണ തുറന്നിരുന്നതായി വ്യക്തമായിട്ടുണ്ട്. പണം സ്വപ്ന നിര്‍ദേശിച്ചവരുടെ കൈവശം വേണുഗോപാല്‍ കൊടുത്തുവിടുകയായിരുന്നു.