തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ വഴിത്തിരിവ്. പ്രതിയായ സരിത്തിന്റെ കൂട്ടാളി സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സന്ദീപിനും ഭാര്യയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സംശയം. സന്ദീപ് ഒളിവിലാണ്. ഇവരുടെ സ്ഥാപനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തിരുന്നു. കൊച്ചിയിലോ തിരുവനന്തപുരത്തോ ഒളിവിലുണ്ടാകാമെന്നാണ് ഒരു നിഗമനം.
അതേസമയം ചെന്നൈയിലെത്തിയെന്ന വിവരവും ലഭിക്കുന്നുണ്ട്. അവിടെ നിന്ന് നടത്തിയ രണ്ട് ഫോണ്‍ ഇടപാടുകളുടെ വിവരം കസ്റ്റംസിന് ലഭിച്ചതായാണ് സൂചന. സ്വപ്ന ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നെങ്കില്‍ കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടാനും ആലോചനയുണ്ട്. കസ്റ്റംസ് ആവശ്യപ്പെട്ടാല്‍ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് പോലീസിന്റെ തീരുമാനം.
വിപുലമായ റാക്കറ്റാണ് സ്വര്‍ണ്ണക്കടത്തിന് പിന്നിലെന്നാണ് കസ്റ്റംസ് കരുതുന്നത്. സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. സ്വപ്‌നയുമായി ബന്ധമുള്ള ചില കേന്ദ്രങ്ങള്‍ കൊച്ചിയിലെ അഭിഭാഷകരുമായി ബന്ധപ്പെട്ടു എന്ന വിവരം ലഭിച്ചിട്ടുണ്ട്. കീഴടങ്ങാനുള്ള സൂചനകളാണ് പുറത്തു വരുന്നത്. എന്തായാലും സ്വപ്നയെ ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ ഈ സ്വര്‍ണക്കടത്ത് കേസിലും സര്‍ക്കാരിനെതിരായ ആരോപണങ്ങളിലും നിര്‍ണായകമാണ്. ഉന്നതരുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തുകയോ കസ്റ്റംസിന് തെളിവ് ലഭിക്കുകയോ ചെയ്താല്‍ മാത്രമേ മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് അന്വേഷണം എത്തു. രണ്ട് ദിവസമായി നടന്ന റെയ്ഡില്‍ സ്വപ്നയുടെ ഫ്ളാറ്റില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിലും പെന്‍ഡ്രൈവിലുമുള്ള വിവരങ്ങളും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.