കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ്. മുഖ്യമന്ത്രിയുമായുള്ള അടുപ്പം ശിവശങ്കര്‍ ദുരുപയോഗം ചെയ്തെന്നും കസ്റ്റംസ്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവി ശിവശങ്കര്‍ ദുരുപയോഗം ചെയ്തുവെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുമായുള്ള അടുപ്പവും ശിവശങ്കര്‍ ദുരുപയോഗം ചെയ്തു. കള്ളക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോസ്ഥരുടെ ബന്ധം ശിവശങ്കറിന് അറിയാമായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഇക്കാര്യം സര്‍ക്കാറിനെ അറിയിക്കേണ്ടതായിരുന്നുവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. കള്ളക്കടത്തിലെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് ശിവശങ്കറെന്നും ജാമ്യാപേക്ഷയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ കസ്റ്റംസ് വ്യക്തമാക്കി.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കാന്‍സര്‍ രോഗബാധ സംശയിക്കുന്നതിനാല്‍ ചികിത്സ തേടിയിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് എം. ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജയിലില്‍ തുടരുന്നത് ആരോഗ്യ പ്രശ്നം ഗുരുതരമാക്കും. കഠിനമായ നടുവേദനയെ തുടര്‍ന്ന് ആയുര്‍വേദ ചികിത്സയിലാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും .