പത്തനംതിട്ട : സൈബര്‍ തട്ടിപ്പിലൂടെ രണ്ടുവർഷത്തിനിടെ ജില്ലയിൽനിന്ന് പോയത് എട്ടുകോടി. പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റും വേഷത്തിൽ വീഡിയോ കോളിൽവന്ന് തട്ടിപ്പ് നടത്തുന്നത് പുതിയ രീതി. ഇതിനിരകളാകുന്നത് പ്രമുഖ വ്യക്തികളും. യാക്കോബായസഭ മെത്രാപ്പൊലീത്ത ഗീവർഗ്ഗീസ് മാർ കൂറിലോസും ഇത്തരത്തിലാണ് ഓൺലൈൻ തട്ടിപ്പിനിരയായത്. സമാനമായ രണ്ട് കേസുകൾ കൂടി ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സി.ബി.ഐ.യുടെ വ്യാജ ലെറ്റർപാഡ് കാട്ടി നടത്തിയ തട്ടിപ്പിന് ആറന്മുള പോലീസെടുത്ത കേസിൽ തട്ടിപ്പിനിരയായ ആളിന് നഷ്ടമായത് പതിനാലര ലക്ഷത്തിലധികം രൂപയാണ്. പന്തളം പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് മറ്റൊന്ന്. മുംബൈ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായും ഫോൺ നമ്പർ ബ്ലോക്കു ചെയ്തതായും പറഞ്ഞു നടത്തിയ തട്ടിപ്പിൽ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. ഇരു കേസിലും ഇരയായത് സ്ത്രീകളാണ്.
രണ്ട് വർഷത്തെ കണക്കനുസരിച്ച് ജില്ലയിൽ ആകെ എട്ട് കോടിയോളം രൂപയാണ് പരാതിക്കാർക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതിൽ 2,68,988 രൂപ മാത്രമാണ് തിരിച്ചുപിടിക്കാനായത്. ഹണി ട്രാപ്, ഒ.എൽ.എക്സ്. ഫ്രാഡ്, ജോലി തട്ടിപ്പ്, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകൾ, മാട്രിമോണിയൽ പരസ്യങ്ങൾ വഴിയുള്ളവ തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ഈ വർഷം ഇതുവരെ 776 പരാതികളാണ് ജില്ലാ പോലീസിൽ ലഭിച്ചത്. ഈവർഷം എടുത്ത കേസുകളിലായി 13 പ്രതികളെ അറസ്റ്റുചെയ്തു. സംശയകരമായ കോളുകളോ സന്ദേശങ്ങളോ വന്നാലും തട്ടിപ്പിന് ഇരയായാലും 1930 എന്ന ടോൾഫ്രീ നമ്പരിലേക്ക് വിളിച്ച് വിവരമറിയിക്കുകയും പരാതി രജിസ്റ്റർചെയ്യുകയും വേണം. പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വിവരങ്ങൾ പറയാം.