പത്തനംതിട്ട : സൈബർ സുരക്ഷാ ബോധവൽകരണത്തിൻ്റെ ഭാഗമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 50 ഓളം ക്യാമ്പസുകളിൽ നടക്കുന്ന കേരള ഹാക്ക് റൺ പ്രയാണം കാസർഗോഡ്, കണ്ണൂർ കോഴിക്കോട് വയനാട് മലപ്പുറം പാലക്കാട് തൃശൂർ എറണാകുളം ഇടുക്കി കോട്ടയം ആലപ്പുഴ എന്നി ജില്ലകൾ കഴിഞ്ഞു പത്തനംതിട്ട ജില്ലയിൽ എത്തിച്ചേർന്നു. ഇന്റർനെറ്റിൽ പതിയിരിക്കുന്ന അപകടങ്ങൾ ഭീകരമായിക്കൊണ്ടിരിക്കുന്ന കാലത്ത് സൈബർ സുരക്ഷയുടെ പ്രാധാന്യം വിദ്യാർഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പായ ടെക് ബൈ ഹാർട്ടിന്റെ നേതൃത്വത്തിൽ ഹാക്ക് റൺ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 12 നു സോൺ 1 കാസർഗോഡ് എൽബിഎസ് എൻജിനീയറിങ് കോളേജിൽ വെച്ചു രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു പ്രയാണം ആരംഭിച്ചു.
ഇന്ന് സോൺ 5 ആയ പത്തനംതിട്ട ജില്ലയിൽ ഈ പ്രയാണം എത്തിച്ചേർന്നു. കോളേജ് ഓഫ് എൻജിനീയറിങ് ആറന്മുളയിലും എസ്എൻഐടി അടൂരിലും സെമിനാറുകൾ സംഘടിപ്പിച്ചു. എസ്എൻഐടി അടൂരിൽ കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം ആർ. ജയരാജ് ഡിവൈഎസ്പി നടത്തി. കേരള ഹാക്ക് റൺ ക്യാപ്റ്റനും സൈബർ സുരക്ഷ വിദഗ്ദ്ധനും ടെക് ബൈ ഹാർട്ട് മാനേജിങ് പാർട്ണറും ആയ ഷക്കീൽ അഹമ്മദ്, ടെക് ബൈ ഹാർട്ട് സൈബർ സെക്യൂരിറ്റി അനലിസ്റ്റ് ധനൂപ് ആർ, സൈബർ ഫോറെൻസിക് വിദഗ്ദ്ധൻ ആസാദ് ബാബു മുതലായവർ സെമിനാർ നയിച്ചു. കേരളാ ഹാക്ക് റൺ വഴി പല വിദ്യാർത്ഥികളുടെയും സംശയം മാറ്റി കൊടുക്കാൻ കഴിഞ്ഞു അതിലൂടെ അവരുടെ സൈബർ സെക്യൂരിറ്റിയിലുള്ള പല അറിവുകളും വർദ്ധിപ്പിക്കാനും കഴിഞ്ഞു. ഇനി ഈ പ്രയാണം നാളെ കൊല്ലം ജില്ലയിൽ എത്തിച്ചേരുന്നതാണ്.
14 ജില്ലകളിലുമായി വിവിധ കോളേജുകളിലെത്തി 50000 ൽ അധികം വിദ്യാർത്ഥികളുമായി സംവദിച്ചുകൊണ്ടുള്ള സൈബർ സുരക്ഷാ യാത്ര മാർച്ച് 7 ന് തിരുവനന്തപുരത്ത് സമാപിക്കും. വിവിധ വേദികളിലായി സൈബർ സെക്യൂരിറ്റി വർക്ക്ഷോപ്പുകളും വിദഗ്ധർ നയിക്കുന്ന ചർച്ചാ സെഷനുകളും തൽസ്മയ പ്രദർശനങ്ങളും ചോദ്യോത്തര വേളകളും യാത്രയുടെ ഭാഗമായി സംഘടിപ്പിക്കപ്പെടും. കേരളത്തിലെ മുഴുവൻ മനുഷ്യർക്കും സൈബർ സുരക്ഷ സംബന്ധിച്ച ബോധവൽക്കരണം ഉറപ്പാക്കുകയും ഏറ്റവും അനിവാര്യമായ വിവരസാങ്കേതിക സുരക്ഷാപരിജ്ഞാനം ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് യാത്രയുടെ ലക്ഷ്യം.