കോഴിക്കോട്: സംസ്ഥാനത്തെ ഓരോ വാര്‍ഡിലും ഓരോ കളിസ്ഥലങ്ങള്‍ എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ നിര്‍മ്മിച്ച അത്യാധുനിക സൈബര്‍സ്പോര്‍ട്സ് അരീനയുടെ ഉദ്ഘാടനവേളയില്‍ ഓണ്‍ലൈനിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനസര്‍ക്കാരിന്‍റെ സമഗ്ര കായികനയം തയ്യാറായിക്കഴിഞ്ഞു. പൗരന്മാരുടെ വ്യായാമത്തിനും ആരോഗ്യപാലനത്തിനും പ്രത്യേക ഊന്നല്‍ നയം നല്‍കുന്നുണ്ട്. ഇതിനായി ഓരോ പഞ്ചായത്തിലും ഓരോ കളിസ്ഥലങ്ങള്‍ എന്നതാണ് നയം വിഭാവനം ചെയ്യുന്നതെങ്കിലും ഓരോ വാര്‍ഡിലും ഓരോ കളിസ്ഥലങ്ങള്‍ സ്ഥാപിക്കാനാണ് ലക്ഷ്യം വയ്ക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ട് സ്പോര്‍ട്സ് ഇക്കോണമി സംസ്ഥാനം രൂപപ്പെടുത്തും. ഇതോടെ ലോകനിലവാരത്തിലുള്ള കായിക സൗകര്യങ്ങള്‍ സംസ്ഥാനത്ത് വരാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഐടി ജീവനക്കാരുടെ ആരോഗ്യപരിപാലനം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അതിനായി ഇത്തരം സംവിധാനം ഏര്‍പ്പെടുത്തിയ കോഴിക്കോട് സൈബര്‍പാര്‍ക്കിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഐടി കയറ്റുമതി 350 ബില്യണ്‍ ഡോളറിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ സുപ്രധാനപങ്ക് വഹിക്കുന്നത് കേരളമായിരിക്കുമെന്നാണ് എംഎസ്എംഇ ഉന്നതാധികാര സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ലക്ഷ്യത്തിലേക്കെത്തുന്നതിനു വേണ്ടി ഐടി മേഖലയില്‍ അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കേരളത്തിലെ സോഫ്റ്റ് വെയര്‍മേഖലയുടെ വളര്‍ച്ചയില്‍ ഐടി പാര്‍ക്കുകള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകോത്തരനിലവാരത്തിലുള്ള ജോലി സാഹചര്യമാണ് നമ്മുടെ ഐടി പാര്‍ക്കുകള്‍ പ്രദാനം ചെയ്യുന്നത്. 2016 ല്‍ 90,000 ഐടി ജീവനക്കാരായിരുന്നു കേരളത്തിലുണ്ടായിരുന്നതെങ്കില്‍ ഇന്നത് 80 ശതമാനത്തിലധികം വളര്‍ന്ന് 1,70,000 ആയിരിക്കുകയാണ്. രാജ്യത്തിലെ ആകെ ഐടി കയറ്റുമതിയുടെ പത്ത് ശതമാനം കേരളത്തില്‍ നിന്നാക്കാനുള്ള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചിയില്‍ ആരംഭിച്ച ടെക്നോളജി ഇനോവേഷന്‍ സോണ്‍ പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങിയാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ടെക് ഇനോവേഷന്‍ സ്ഥാപനമാകും അത്. എയ്റോ സ്പേസ് മേഖലയില്‍ കെ-സ്പേസ് സ്ഥാപിക്കുന്ന തിരുവനന്തപുരത്ത് മികവിന്‍റെ കേന്ദ്രം ഉടന്‍ യാഥാര്‍ഥ്യമാകും. ദേശീയ അന്തര്‍ദേശീയ കമ്പനികളെ ആകര്‍ഷിക്കുന്നതിന് ഭൂമി, കെട്ടിടം, സ്മാര്‍ട്ട് ബിസിനസ് സെന്‍ററുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഐടി പാര്‍ക്കുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഐടി പാര്‍ക്കുകള്‍ നേരിട്ടും ഉപസംരംഭകര്‍ വഴിയുമായി 2 കോടി ചതുരശ്രയടി സ്ഥലം കേരളത്തിലുണ്ട്.
നിര്‍ദ്ദിഷ്ട തിരുവനന്തപുരം ടെക്നോ സിറ്റിയില്‍ ജോലി, പാര്‍പ്പിടം, ഷോപ്പിംഗ്, ആശുപത്രി, വിദ്യാഭ്യാസസ്ഥാപനം തുടങ്ങിയ സമഗ്രമായ സൗകര്യങ്ങളുണ്ടാകും. ദേശീയ പാതയില്‍ കണ്ണൂര്‍-തിരുവനന്തപും വരെ 20 ചെറുകിട 5ജി ഐടി പാര്‍ക്കുകള്‍ വരാന്‍ പോവുകയാണ്. 5000 മുതല്‍ 50000 ചതുരശ്രയടി വിസ്തൃതിയുള്ള ഐടി സ്പേസ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കിക്കഴിഞ്ഞു. ജീവനക്കാരുടെ ക്ഷേമപദ്ധതികളുടെ ഭാഗമായാണ് സ്പോര്‍ട്സ് അരീന തുടങ്ങാന്‍ സൈബര്‍പാര്‍ക്ക് തീരുമാനിച്ചത്. 1017 ചതുരശ്രമീറ്റര്‍ വലുപ്പമുള്ള രണ്ട് ഫൈവ്സ് ഫുട്ബോള്‍ ടര്‍ഫ്, 2035 ചതുരശ്രമീറ്റര്‍ വലുപ്പുമുളള സെവന്‍സ് ഫുട്ബോള്‍ ടര്‍ഫ്, 640 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ബാസ്കറ്റ് ബോള്‍ ടര്‍ഫ്, ഡബിള്‍സ് കളിക്കാവുന്ന രണ്ട് ഷട്ടില്‍ ബാഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍ എന്നിവയാണ് സ്പോര്‍ട്സ് അരീനയില്‍ ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് സൗത്ത് എംഎല്‍എ അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ ബീന ഫിലിപ്പ്, ഐടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍, സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് കുമാര്‍ ടി, ഒളവണ്ണ പഞ്ചായത്തംഗം പി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സൈബര്‍ സ്പോര്‍ട്സ് അരീന സംവിധാനം ഐടി കമ്പനികളിലെ ജീവക്കാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.