കാഞ്ഞിരപ്പള്ളി : വീട്ടിലെ അംഗത്തെപ്പോലെ 36 വർഷമായി കൂടെയുണ്ടായിരുന്ന സൈക്കിളാണ്. മോഷ്ടിച്ചവരുടെ മനസ്സ് മാറി തിരികെ നൽകുമെന്ന് പ്രതീക്ഷിക്കുകയല്ലാതെ ആ അറുപത്തിനാലുകാരന് വേറെ മാർഗമില്ല. വിഴിക്കിത്തോട് കുഴുപ്പള്ളാത്ത് ചന്ദ്രൻപിള്ളയ്ക്കൊപ്പം സന്തതസഹചാരിയായ ഹെർക്കുലീസ് സൈക്കിളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.
ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെയാണ് സംഭവം. വിഴിക്കിത്തോട് കവലയിൽ ഹോട്ടൽ നടത്തുന്ന ചന്ദ്രൻപിള്ള, വിഴിക്കിത്തോട്- കുറുവാമൂഴി റോഡിൽ സൈക്കിൾ വെച്ച ശേഷം സമീപത്തെ തോട്ടത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു മോഷണം. തമാശയ്ക്ക് സൈക്കിൾ ആരെങ്കിലും മാറ്റിയതാണെന്ന് സംശയിച്ച് പറമ്പിലും സമീപത്തുമായി തപ്പിയെങ്കിലും കണ്ടില്ല.
തുടർന്ന് വീട്ടുകാരും പ്രദേശവാസികളും ചേർന്ന് അന്വേഷിച്ചെങ്കിലും സൈക്കിൾ കിട്ടിയില്ല. റോഡിലൂടെ കടന്നുപോയ ആക്രിവണ്ടിയിൽ സൈക്കിൾ ഇരിക്കുന്നതായി കണ്ടെന്ന് ചിലർ അറിയിച്ചതായി വീട്ടുകാർ പറഞ്ഞു. വർഷങ്ങളായി ചന്ദ്രൻപിള്ളയുടെ സൈക്കിളിലെ യാത്ര നാട്ടുകാർക്ക് സുപരിചിതമാണ്. കടയിലേക്ക് വെള്ളം, വിറക്, വാഴക്കുല, സാധനങ്ങൾ എന്നിവ എത്തിക്കുന്നത് സൈക്കിളിലാണ്.
തലയിൽ വിറകുംവെച്ച് ഒരു കൈ വിറകിലും ഒരു കൈ ഹാൻഡിലിലും പിടിച്ച് സൈക്കിൾ ചവിട്ടിവരുന്നത് നാട്ടിലെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു. പഴയതാണെങ്കിലും കുടുംബത്തിന്റെ എല്ലാ ഉയർച്ചയ്ക്കും ഒപ്പമുണ്ടായിരുന്നതാണ് നഷ്ടപ്പെട്ട സൈക്കിളെന്ന് ചന്ദ്രൻപിള്ളയുടെ മകൾ ധന്യ പറഞ്ഞു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകി.