പരവൂര്‍: ചായക്കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു കടകള്‍ കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. പാരിപ്പള്ളി – പരവൂര്‍ റോഡില്‍ കൂനയില്‍ പഴയ മിലന്‍ തിയറ്ററിന് മുന്നില്‍ ദേവരാജന്‍ ചെട്ടിയാരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ തിങ്കളാഴ്ച വൈകിട്ട് 3.15നാണ് അപകടം. കടയിലെ ഗ്യാസ് അടുപ്പില്‍നിന്ന് തീ ട്യൂബിലൂടെ സിലിണ്ടറിലേക്ക് പടര്‍ന്നു പിടിക്കുകയും സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. തൊട്ടടുത്തിരുന്ന സിലിണ്ടറും പൊട്ടിത്തെറിച്ചു. തീ ട്യൂബിലേക്ക് പടര്‍ന്ന് പിടിക്കുന്നത് കണ്ട കടയുടമ ഭാര്യയോടും മറ്റുള്ളവരോടും അടുത്ത കടക്കാരോടും ഇറങ്ങിയോടാന്‍ പറയുകയായിരുന്നു.
ഇവര്‍ ഓടിമാറിയതിന് പിന്നാലെ ഉടന്‍തന്നെ നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞു. മറ്റ് കടകളില്‍നിന്ന് ആള്‍ക്കാര്‍ ഓടി മാറി. ഇതിനകം തന്നെ കട പൂര്‍ണമായും തീഗോളമായി മാറി വലിയ ശബ്ദത്തോടെ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. കട പൂര്‍ണമായും കത്തി നശിച്ചു. കടകളിലെ ജീവക്കാര്‍ പുറത്തേക്ക് ഓടിയിറങ്ങിയതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കടയിലുണ്ടായിരുന്ന 19 കിലോ വീതമുള്ള വാണിജ്യ സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. അബദ്ധത്തില്‍ തീ പടരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആദ്യ സിലിണ്ടര്‍ പൊട്ടിയതോടെ വലിയൊരു അഗ്നിഗോളം പുറത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് മറ്റ് സിലിണ്ടറും പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു.