കൊച്ചി: തൃശൂര്‍ പൂരം കലങ്ങിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്താണ് അവിടെ സംഭവിച്ചത് എന്ന് കണ്ടെത്തണം. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയമനടപടിയുമായി മുന്നോട്ടു പോകേണ്ടത്. മുഖ്യമന്ത്രിയുടെ അറിവോടു കൂടിയാണ് എഡിജിപി എംആര്‍ അജിത് കുമാര്‍ അവിടെ പോയി നിന്ന് പൂരം കലക്കിയതെന്നും വിഡി സതീശന്‍ ആരോപിച്ചു. പൂരം കലക്കാന്‍ ബ്ലൂ പ്രിന്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥന്‍ തന്നെയാണ് പൂരം കലക്കല്‍ അന്വേഷിച്ചത്. മൂന്നുദിവസം മുമ്പ് പോലീസ് കമ്മീഷണര്‍ ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് നല്‍കിയ പ്ലാന്‍ മാറ്റിവെച്ച്, കലക്കാനുള്ള പ്ലാന്‍ എഡിജിപി നേരിട്ട് നല്‍കുകയായിരുന്നു. ഇത് മുഖ്യമന്ത്രിയുടെ അറിവോടു കൂടി ചെയ്തതാണ്. ഇല്ലെങ്കില്‍ മുഖ്യമന്ത്രി ഇതുപോലെ ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കേണ്ടതുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
എഡിജിപിക്കെതിരെ നാലു പ്രധാനപ്പെട്ട അന്വേഷണമാണ് നടക്കുന്നത്. ഭരണകക്ഷി എംഎല്‍എ നല്‍കിയ പരാതിയില്‍ എഡിജിപിക്കെതിരെ അന്വേഷണം നടക്കുന്നു. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തില്‍ അന്വേഷണം, പൂരം കലക്കിയതില്‍ അന്വേഷണം, സ്വത്തു സമ്പാദനത്തില്‍ വിജിലന്‍സ് അന്വേഷണം. ഇത്രയധികം അന്വേഷണം നേരിടുന്നയാളെ പദവിയില്‍ നിര്‍ത്തിക്കൊണ്ടാണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രിക്ക് എന്തു കരുതലാണ് എഡിജിപിയോടെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളാണ് എഡിജിപി ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇത്ര കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്നത്. പൂരം കലക്കാനും ആര്‍എസ്എസ് നേതാക്കളെ കാണാനും എഡിജിപി അജിത് കുമാര്‍ പോയത് മുഖ്യമന്ത്രിയുടെ അറിവോടും അനുമതിയോടും കൂടിയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകവൃന്ദമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. അവര്‍ പോലീസിലെ ഹൈരാര്‍ക്കി തകര്‍ത്തു. ഡിജിപി പറഞ്ഞാല്‍ എഡിജിപി അനുസരിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിനെ വെല്ലുന്ന പോലീസ് സേനയായിരുന്നു കേരള പോലീസ്. അതിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസ് തകര്‍ത്തു. അതിന്റെ പരിണിത ഫലങ്ങളാണ് ഇപ്പോള്‍ കാണുന്നത്. പോലീസ് സേന നിര്‍വീര്യമായിരിക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്തും ഇല്ലാത്ത തരത്തില്‍ കേരളത്തിലെ പൊലീസ് പരിതാപകരമായ അവസ്ഥയില്‍ നില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പി വി അന്‍വറിന്റെ വെളിപ്പെടുത്തലില്‍, ഭരണകക്ഷി എംഎല്‍എയെ മുന്നില്‍ നിര്‍ത്തി തനിക്കെതിരെ പാര്‍ട്ടിയില്‍ ഒരു മൂവ്‌മെന്റ് ഉണ്ടെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നുണ്ട്. അവര്‍ക്കാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി മറുപടി കൊടുത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.