ന്യൂഡൽഹി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ കഴിഞ്ഞ അഞ്ച് വർഷമായി പ്രതിഷേധത്തിലാണ് കേന്ദ്രഭരണ പ്രദേശമായ ദാമൻ ദീയു ദാദ്രാ നാഗർ ഹവേലിയിലെ ജനങ്ങൾ. രണ്ട് കുട്ടികളിൽ കൂടുതലുള്ളവർക്ക് തെരഞ്ഞെടുപ്പിലെ വിലക്ക്, പാസാ എന്ന ഗുണ്ടാ നിയമം അടക്കം ദ്വീപിൽ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമങ്ങളെല്ലാം ഇവിടെ പ്രഫുൽ പട്ടേൽ നടപ്പാക്കി.
കീഴ് വഴക്കങ്ങൾ അട്ടിമറിച്ച് പ്രഫുൽ പട്ടേലിനെ കേന്ദ്രം കെട്ടിയിറക്കിയ നാൾ മുതൽ പലവട്ടം പ്രതിഷേധത്തിര തെരുവിൽ ആർത്തലച്ചെത്തി. ലക്ഷദ്വീപിലെ പോലെ തീരത്തെ ചെറു നിർമ്മിതികളെല്ലാം ഇവിടെ പൊളിച്ച് നീക്കി. റോഡ് വികസനത്തിന്റെ പേരിൽ കുടി ഒഴിപ്പിക്കപ്പെട്ടു. ഭൂരിപക്ഷം വരുന്ന ദളിത് വിഭാഗങ്ങൾ ആദ്യം ഇറങ്ങി. നിലനിൽപ്പ് ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയതോടെ സമരത്തിൽ ആളു കൂടി. കുറ്റകൃത്യങ്ങളില്ലാത്ത ദ്വീപ് പോലെ കഴിഞ്ഞിരുന്ന നാട്ടിൽ രണ്ട് സ്കൂളുകൾ ജയിലാക്കി മാറ്റാൻ ഉത്തരവ് ഇറക്കി. മുദ്രാവാക്യങ്ങളും ഉച്ചത്തിൽ സംസാരിക്കുന്നത് പോലും വിലക്കിയുള്ള ഉത്തരവുകളും സമരകാലത്ത് ഇറക്കി. രണ്ട് കുട്ടികളിൽ കൂടുതലുള്ളവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുക, അധികാരം ജനപ്രതിനിധികളിൽ നിന്ന് പരിമിതപ്പെടുത്തുക തുടങ്ങിയ വിവാദ നടപടികളും ഉണ്ടായി.
സ്ഥലം എംപിയെ വെറും പാവയാക്കുന്നതിനെതിരെ പാർലമെന്‍റിലടക്കം പ്രതിഷേധം അറിയിച്ച ശേഷമാണ് മോഹൻ ദേൽക്കൽ എന്ന എംപി ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിനുത്തരവാദി പ്രഫുൽ പട്ടേലാണെന്ന് കുറിപ്പെഴുതി സ്ഥലം എംപിയായ മോഹൻ ദേൽക്കർ ആത്മഹത്യ ചെയ്യുകയാണുണ്ടായത് . പാസാ എന്ന ഗുണ്ടാ ആക്ട് പ്രയോഗിച്ച് അകത്തിടുമെന്നും അല്ലെങ്കിൽ 15 കോടി നൽകണമെന്നും പ്രഫുൽ പട്ടേൽ ഭീഷണിപ്പെടുത്തിയതായും ദേൽക്കറിന്റെ കുടുംബം ആരോപിക്കുന്നു. ആത്മഹത്യചെയ്യാനായി ദേൽക്കറിന് മുംബൈയിലേക്ക് വരേണ്ടി വന്നത് പോലും നീതി തേടിയാണെന്നും ദേൽക്കറിന്റെ കുറിപ്പിൽ പറയുന്നു. ദേൽക്കർ മാത്രമല്ല ആത്മഹത്യ ചെയ്ത വേറെ മൂന്ന് ഉദ്യോഗസ്ഥരുണ്ട്. പക്ഷെ പ്രഫുൽ പട്ടേലിനെ തൊടാൻ ആരുമില്ല എന്ന് സാമൂഹ്യപ്രവർത്തകനായ ഉമേഷ് പട്ടേൽ പറയുന്നു.