തിരുവനന്തപുരം : പ്രകടന പത്രികയിലെ പ്രഖ്യാപനം നടപ്പിലാക്കി ആശാപ്രവർത്തകരുടെ ദിവസ വേതനം 700 രൂപ ആക്കണമെന്ന് ഗാന്ധി ദർശൻ വേദി. വലിയ മാരക രോഗങ്ങൾ വീണ്ടും മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണിയാണ്. വളരെ പ്രാധാന്യത്തോട് ആരോഗ്യ പ്രവർത്തനങ്ങൾ കാണേണ്ട ഒരു കാലഘട്ടമാണിത്. ആരോഗ്യ പ്രവർത്തകരെ ശാക്തീകരിക്കേണ്ട സമയമാണിത്. അവർക്ക് വിദ്ഗധ പരിശീലനവും ആധുനിക ഉപകരണങ്ങളും ലഭ്യമാക്കണം. ആരോഗ്യ സേനയായ ആശമാർക്ക് കൂടുതൽ പ്രോത്സാഹനവും സഹായവും അംഗീകാരവും നൽകണം. ആരോഗ്യ മേഖലയുടെ ജനകീയ മുഖമാണ് ആശാപ്രവർത്തകർ. ജനകീയ ആരോഗ്യ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിൽ എത്തിയ്ക്കുന്നവരുടെ പ്രശ്നങ്ങൾ തികച്ചും ആരോഗ്യകരമായി കാണാൻ സർക്കാരിന് കഴിയണം. ആശാ പ്രവർത്തകർ നൽകുന്ന അടിസ്ഥാന വിവരങ്ങളും റിപ്പോർട്ടുകളും ഹെൽത്ത് ഡിപ്പാർട്ട്മെൻറിന്റെ നയരൂപീകരണത്തിനും ഭാവി പദ്ധതികൾക്കും സുപ്രധാന ഘടകമാണ്.
ഈ മേഖലയിൽ പ്രധാന പ്രവർത്തനം നടത്തുന്ന അവരുടെ കുറഞ്ഞ വേതനം ന്യായമായും ഉയർത്തേണ്ടതാണ്. ചെറിയ വേതനം നൽകുന്നവർക്ക് ഒരിക്കലും കുടിശികയും വരുത്താൻ പാടില്ലാത്തതാണ്. കാലാകാലങ്ങളിൽ ഉയർത്തിക്കൊടുക്കേണ്ട വേതനത്തിനുവേണ്ടി സെക്രട്ടേറിയറ്റ് പടിക്കൽ ആശാപ്രവർത്തകരെ സമരത്തിന് ഇരുത്തേണ്ട അവസ്ഥയുണ്ടാക്കിയത് ഒട്ടും ശരിയായില്ല. തീവ്രമായ ചൂടുള്ള ഈ കാലാവസ്ഥയിൽ 4 ആഴ്ച ആകുന്ന ആശമാരുടെ സമരത്തിനോട് കരുണ കാണിച്ച് ആനുകൂല്യം നൽകാത്തത് ഒരു ജനാധിപത്യ ഭരണകൂടത്തിന് ഒട്ടും ഭൂഷണമല്ല. കേരളത്തിലെ ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിൽ ആശാപ്രവർത്തകരുടെ പങ്ക് സുപ്രധാനമാണ്. ആരോഗ്യ മേഖലയിൽ വീടുകൾ സന്ദർശിച്ച് ആരോഗ്യത്തോടെ പ്രവർത്തിക്കേണ്ട അവരുടെ ആരോഗ്യം നശിപ്പിക്കുന്ന സർക്കാരിന്റെ ഈ ജനകീയ വിരുദ്ധ സമീപനം ധാർമ്മികയുള്ള ഭരണത്തിന്റെയും ഭരണാധികാരികളുടെയും ലക്ഷണമല്ല.
തുച്ഛമായ ഓണറേറിയത്തിൽ ജീവകാരുണ്യമേഖലയിൽ പണിയെടുക്കുന്ന ആശമാരുടെ തികച്ചും ന്യായമായ ഈ അവകാശ സമരം അംഗീകരിച്ച് വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ അടിയന്തിരമായി തയ്യാറാക്കണം. കേരളത്തിലെ ആരോഗ്യ രംഗത്ത് വലിയ ദുരന്തങ്ങൾ ഉണ്ടാവാതിരിക്കട്ടെ. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരുടെ അവകാശ സമരത്തിന് കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി അഭിവാദ്യങ്ങൾ അർപ്പിച്ച് അനുമോദിച്ച് ഐക്യദാർഡ്യം പ്രഖാപിച്ചു.
ഗാന്ധി ദർശൻ വേദി പത്തനംതിട്ട ജില്ലാ ചെയർമാൻ കെ.ജി.റെജി സമരനായിക എം.എ.ബിന്ദു കളർകോടിനെ ഹാരമണിയിച്ച് ആദരിച്ചു. കെ.പി.ജി.ഡി.പത്തനംതിട്ട ജില്ലാ ചെയർമാൻ കെ.ജി.റെജി, ജി.ബി.അംഗം ഡോ. ഗോപീമോഹൻ, സംസ്ഥാന എക്സിക്യൂട്ടീവ് മെബർ രജനി പ്രദീപ്, ജില്ലാ ട്രഷറർ സോമൻ ജോർജ്ജ്, അടൂർ നിയോജക മണ്ഡലം പ്രസിഡൻറ് എം.ആർ.ജയപ്രസാദ്, ഡി.സി.മെമ്പറൻമാരായ വിജയ ലക്ഷ്മി ഉണ്ണിത്താൻ, അനീഷ് രാജ് എന്നിവർ പ്രസംഗിച്ചു.