പത്തനംതിട്ട : ഗവിയിലെ തൊഴിലാളികളെ അകാരണമായി പിരിച്ചുവിട്ട കെ.എഫ്.ഡി.സി യുടെ നിലപാടുകൾക്കെതിരെ പ്രതിഷേധവുമായി ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ്.
കോന്നി നിയോജക മണ്ഡലത്തിലെ ഗവിയിലും മറ്റു പ്രദേശങ്ങളിലും കേരള വനം വികസന കോർപ്പറേഷന് കീഴിൽ കാലങ്ങളായി ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്നവരെ കാരണമില്ലാതെ പിരിച്ചുവിട്ടിരിക്കുകയാണ്. പരാതി ഉയർന്നിട്ടും പരിഹരിക്കുവാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥരുടെ നടപടി തികച്ചും ധിക്കാരപരമാണ്. ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസിന്റെ നേത്രുത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ നടത്തുമെന്ന് സംസ്ഥാന സെക്രട്ടി നഹാസ് പത്തനംതിട്ട പറഞ്ഞു.
150 ലധികം വരുന്ന തൊഴിലാളികളുടെ നരകപൂർണമായ ജീവിതത്തിന് ഉടനെ തന്നെ പരിഹാരം കാണേണ്ടതാണ്. 1976 മുതൽ കോർപ്പറേഷനു കീഴിൽ ജോലി ചെയ്തു വരുന്ന ആളുകൾക്ക് മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളോ അവരുടെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കുന്നതിന് പര്യാപ്തമായ സംവിധാനങ്ങളോ നിലവിലില്ല. ഇപ്പോൾ അവരുടെ തൊഴിലുകൾ കൂടി നഷ്ടമാകുന്ന സാഹചര്യത്തിൽ പട്ടിണിയും പരിവട്ടവുമായി പുറംലോകവുമായി ബന്ധമില്ലാതെ ഈ കോവിഡ് കാലത്ത് കഴിയേണ്ടിവരും.
ശ്രീലങ്കയില്‍ നിന്ന് ഗവിയില്‍ പുനരധിവസിപ്പിക്കപ്പെട്ട തമിഴ് വംശജരുടെ രണ്ടാം തലമുറക്കാരെയാണ് പിരിച്ചു വിട്ടത്. ഗവിയിലെ പട്ടിണിപ്പാവങ്ങളുടെ കാര്യത്തില്‍ കോന്നി എം.എല്‍.എ ജെനീഷ് കുമാറിന്റെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്നും നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു.