തിരുവനന്തപുരം: പേരൂർക്കട പോലീസ് സ്റ്റേഷനിൽ വ്യാജ പരാതിയിൽ മേൽ കസ്റ്റഡിയിലെടുത്ത ദലിത് യുവതിക്ക് ക്രൂരപീഡനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ എസ്ഐ പ്രസാദിന് സസ്പെന്‍ഷന്‍. ദലിത് സ്ത്രീയെ കഉളക്കേസിൽ കുടുക്കിയെന്ന പരാതിയിലാണ് നടപടി. നടപടിയില്‍ സന്തോഷമെന്ന് പരാതിക്കാരിയായ നെടുമങ്ങാട് സ്വദേശി ബിന്ദു പറയുന്നു. കള്ളപ്പരാതിയിലും നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടു. വെള്ളം ചോദിച്ചപ്പോൾ ബാത്‌റൂമിലെ ബക്കറ്റിലുണ്ടെന്ന് പറഞ്ഞതും മോശമായി പെരുമാറിയതും എസ്‌ഐ ആണെന്നും ബിന്ദു പറഞ്ഞു. എസ്‌ഐക്ക് പുറമെ മറ്റ് രണ്ടു ഉദ്യോസ്ഥർക്കെതിരെയും നടപടി വേണമെന്നും ബിന്ദു പറഞ്ഞു.
ബിന്ദു നൽകിയ പരാതിയിൽ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ ഡിജിപി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കണ്ടോൺമെന്‍റ് എസിപിക്കാണ് അന്വേഷണ ചുമതല. 15 ദിവസത്തിനകം അന്വേഷിച്ച റിപ്പോർട്ട് നൽകണമെന്നാണ് ഡിജിപിയുടെ ഉത്തരവിൽ പറയുന്നത്. ബിന്ദുവിന്റെ പരാതിയിൽ എസ് സി എസ് ടി കമ്മീഷനും നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ പേരിലാണു നെടുമങ്ങാട് സ്വദേശി ബിന്ദുവിന് ദുരനുഭവം നേരിടേണ്ടി വന്നത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പോലീസ് ബിന്ദുവിന് എതിരെ രജിസ്റ്റർ ചെയ്തിരുന്ന എഫ്ഐആർ പിൻവലിച്ചു.