റാന്നി : വേനല്‍മഴയില്‍ മരം വീണ സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടറും എം.എല്‍.എയും വ്യാപാരികളെ സന്ദര്‍ശിച്ചില്ലെന്ന് ആരോപണം. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നിരുന്ന ആല്‍ മരം വ്യാഴാഴ്ച വൈകിട്ടാണ് കനത്ത കാറ്റില്‍ വ്യാപാര സ്ഥാപനങ്ങളുടെ മുകളിലേയ്ക്ക് മറിഞ്ഞു വീണത്. മൂന്നു കടകള്‍ പൂര്‍ണ്ണമായും രണ്ടു കടകള്‍ ഭാഗികമായും സംഭവത്തില്‍ തകര്‍ന്നിരുന്നു. സ്ഥാപനങ്ങളുടെ ഉള്ളില്‍ ഇരുപതോളം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കുകളൊന്നും പറ്റിയിരുന്നില്ല. നാശംനഷ്ടം സംഭവിച്ച സഥലങ്ങള്‍ വെള്ളിയാഴ്ച ജില്ലാ കളക്ടറും സ്ഥലം എം.എല്‍.എയും പഞ്ചായത്തു പ്രസിഡന്‍റും അടക്കമുള്ളവര്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ആല്‍ നിന്നിരുന്ന സ്ഥലം മാത്രം സന്ദര്‍ശിച്ച ഇവര്‍ വ്യാപാരികളെ കാണാനോ അവരുടെ നഷ്ടങ്ങള്‍ ചോദിച്ചറിയാനോ ശ്രമിച്ചില്ലെന്നാണ് ആരോപണം.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയമാണ് തകര്‍ന്നത്. ഷീറ്റുപയോഗിച്ചു നിര്‍മ്മിച്ച സ്ഥാപനങ്ങള്‍ കനത്ത വാടക ഈടാക്കുന്നവയാണ്. സ്ഥാപനങ്ങളുടെ വലിപ്പമനുസരിച്ച് പതിനാറായിരം രൂപ വരെ വാടക ഈടാക്കുന്നവയാണ്. കോവിഡ് മൂലം വലിയ പ്രതിസന്ധി നേരിടുന്ന വ്യാപാരികള്‍ക്ക് വലിയ തിരിച്ചടിയാണ് കാറ്റിലുണ്ടായത്. വ്യാപാരികളുടെ നേതൃത്വത്തില്‍ മരം വെട്ടി മാറ്റിയെങ്കിലും പഞ്ചായത്ത് പണം അനുവദിച്ചിരുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കാനോ വ്യാപാര സ്ഥാപനങ്ങള്‍ പുനരുദ്ധരിച്ചു നല്‍കാനോ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.
മരം കാറ്റില്‍ പിഴുതു വീണ പശ്ചാത്തലത്തില്‍ സ്റ്റാന്‍ഡിലെ തണല്‍ മരങ്ങളുടെ ചില്ലകള്‍ മുറിച്ചു നീക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച വേളയില്‍ അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ.ദിവ്യാ എസ് അയ്യര്‍, പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു. പഞ്ചായത്തിലെ വിവിധയിടങ്ങളിലെ നാശനഷ്ടം വിലയിരുത്താന്‍ വിവിധ വകുപ്പുകളുടേയും ജനപ്രതിനിധികളുടേയും യോഗം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് പഴവങ്ങാടി പഞ്ചായത്ത് ഓഫീസില്‍ വിളിക്കാനും തീരുമാനിച്ചു.