ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ദന ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നു. ഒഡിഷ തീരത്തോട് അടുക്കുന്ന ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളിലും ഒഡിഷയിലും നിരവധി പേരെ ഒഴിപ്പിച്ചു. ബംഗാളില്‍ മാത്രം 1.14 ലക്ഷത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഒഡിഷയില്‍ അപകടമേഖലയില്‍ താമസിക്കുന്ന 3 മുതല്‍ 4 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. ശക്തമായ ചുഴലിക്കാറ്റ് കണക്കിലെടുത്ത് സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ (എസ്ഇആര്‍) അധികാരപരിധിയിലൂടെ ഓടുന്ന 170ലധികം എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി ഉദ്യോഗസ്ഥരന ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. റദ്ദാക്കിയ ട്രെയിനുകള്‍ ഒക്ടോബര്‍ 23 നും 27 നും ഇടയില്‍ പുറപ്പെടേണ്ട സ്‌റ്റേഷനുകളില്‍ നിന്ന് തന്നെ പുറപ്പെടും, സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ അപകട സോണിലൂടെ ഓടുന്ന കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയേക്കാമെന്ന് എസ്ഇആര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാലാസോര്‍, ഭദ്രക്, കേന്ദ്രപ്പാഡ, മയൂര്‍ഭഞ്ജ്, ജഗത്‌സിങ്പുര്‍, പുരി എന്നീ ജില്ലകളിലാണ് ഏറ്റവും അപകടസാധ്യതയുള്ളത്. ചുഴലിക്കാറ്റ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ആറ് ഐഎഎസ് ഉദ്യോഗസ്ഥരെ ഈ ജില്ലകളില്‍ വിന്യസിച്ചു. പുരിക്കും ബംഗാള്‍ അതിര്‍ത്തിക്കുമിടയിലൂടെയാണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭഗമായി ഒഡിഷയില്‍ 14 ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. ചുഴിക്കാറ്റിനൊപ്പം അതിശക്തമായ മഴയും ഉണ്ടാകും. മിന്നല്‍പ്രളയങ്ങള്‍ക്കും സാധ്യതയുണ്ട്. ഇതുകണക്കിലെടുത്ത് ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചു. മ്യൂസിയങ്ങളും പൈതൃകസ്മാരകങ്ങളും അടുത്ത രണ്ടുദിവസം തുറക്കില്ല. അപകടസാധ്യതാമേഖലകളില്‍ നിന്ന് ഒഴിപ്പിക്കുന്നവരെ പാര്‍പ്പിക്കാന്‍ 800 സൈക്ലോണ്‍ ഷെല്‍റ്ററുകളും 500 താല്‍ക്കാലിക ഷെല്‍റ്ററുകളും തുറന്നു. ആഹാരം, മരുന്ന്, കുടിവെള്ളം തുടങ്ങി എല്ലാ അവശ്യവസ്തുക്കളും ഷെല്‍റ്ററുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.