കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കൂത്തമ്പലം ഏപ്രിൽ ഏഴ് തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ഒരു അപൂർവ്വ നൃത്ത അരങ്ങേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. സർവ്വകലാശാലയിലെ നാല് അനധ്യാപക വിദ്യാർത്ഥിനികളുടെ അരങ്ങേറ്റമാണ് നടക്കുക. സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ബെറ്റി വർഗീസ് (സർവ്വകലാശാല എഞ്ചിനീയർ), അസിസ്റ്റന്റുമാരായ ഷീജ ജോർജ്ജ്, എം. എസ്. സുനിതാറാണി, പി. എസ്. മഞ്ജു എന്നീ ജീവനക്കാരാണ് അരങ്ങേറ്റം നടത്തുക. സർവ്വകലാശാലയിലെ എം. എ. (മോഹിനിയാട്ടം) നാലാം സെമസ്റ്റർ വിദ്യാർത്ഥിനി വി. സുഷ്മയാണ് ഗുരുവെന്നത് മറ്റൊരു പ്രത്യേകതയാണ്. ഒന്നര വർഷത്തെ പഠനത്തിന് ശേഷമാണ് അരങ്ങേറ്റം. വൈകിട്ട് ജോലി കഴിഞ്ഞ് അഞ്ചേകാൽ മുതൽ ആറ് വരെയായിരുന്നു ഡാൻസ് പഠനം. ആഴ്ചയിൽ മൂന്ന് ക്ലാസ്സുകൾ. ഭരതനാട്യത്തിലെ പുഷ്പാഞ്ജലിയും ദേവീസ്തുതിയുമാണ് അരങ്ങേറ്റത്തിൽ അവതരിപ്പിക്കുക ഗുരു കൂടിയായ സുഷ്മ പറഞ്ഞു.
വ്യായാമത്തിന് വേണ്ടിയും നൃത്തത്തോടുളള താല്പര്യത്തിലുമാണ് നൃത്തപഠനം തുടങ്ങിയത്. ഗുരുവിനെ ഞങ്ങൾ സ്വയം കണ്ടെത്തിയതാണ്. തുടക്കത്തിൽ പത്ത് പേരുണ്ടായിരുന്നു. പലരും പല ശാരീരിക പ്രശ്നങ്ങളാൽ നൃത്തപഠനം അവസാനിപ്പിച്ചു. ഓഫീസ് സമയം കഴിഞ്ഞ് വൈകിട്ടുളള സമയമായിരുന്നു നൃത്തപഠനം. സഹ പ്രവർത്തകരുടെയും വീട്ടുകാരുടെയും പ്രോത്സാഹനം നൽകിയ ഊർജ്ജം എടുത്തു പറയേണ്ട ഒന്നാണ്, സർവ്വകലാശാല എഞ്ചീനിയർ കൂടിയായ ബെറ്റി വർഗ്ഗീസ് പറഞ്ഞു. ഏപ്രിൽ ഏഴിന് വൈകിട്ട് അഞ്ചിന് ചേരുന്ന അരങ്ങേറ്റത്തിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി നിർവ്വഹിക്കും. സിൻഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു അധ്യക്ഷത വഹിക്കും. രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, ഫിനാൻസ് ഓഫീസർ സിൽവി കൊടക്കാട്ട് എന്നിവർ പ്രസംഗിക്കും.