കോന്നി : കോന്നി, തണ്ണിത്തോട് റോഡിലെ പാഴ്മരങ്ങൾ അപകട ഭീഷണിയാകുന്നു. വട്ട മരം അടക്കമുള്ള പാഴ്മരങ്ങൾ ആണ് കോന്നി തണ്ണിത്തോട് റോഡിലെ വന ഭാഗത്ത് ഉള്ളത്. മഴക്കാലത്ത് ഇവ റോഡിലേക്ക് ഒടിഞ്ഞു വീഴുന്നത് പതിവാണ്. ചിറ്റാർ ഇന്റർ ലോക്ക് ഭാഗം വരെയുള്ള സ്ഥലങ്ങളിൽ നിരവധി മരങ്ങൾ ആണ് ഇത്തരത്തിൽ ഉള്ളത്. വട്ട മരങ്ങൾ അടക്കമുള്ളവ കേടുവന്നതും പകുതി ഒടിഞ്ഞതും ആയതിനാൽ ഇവ ഏതു സമയത്തും റോഡിലേക്ക് ഒടിഞ്ഞ് വീഴുന്ന അവസ്ഥയിൽ ആണ്.
ഞള്ളൂർ മുതൽ ചിറ്റാർ ഇൻറ്ർ ലോക്ക് വരെയുള്ള ഭാഗത്താണ് കൂടുതലും ഇത്തരത്തിൽ മരങ്ങൾ ഉള്ളത്. മുൻപ് ഇന്റർലോക്ക് ഭാഗത്ത് അപകട ഭീഷണി ഉയർത്തിയിരുന്ന ഉണക്ക മരം റോഡിലേക്ക് ഒടിഞ്ഞ് വീഴുന്ന അവസ്ഥയിൽ ആണ് വനം വകുപ്പ് മുറിച്ച് മാറ്റുന്നത്. റോഡരുകിൽ നിൽക്കുന്ന ഇത്തരം മരങ്ങൾ മുറിച്ച് മാറ്റിയില്ലെങ്കിൽ മഴക്കാലത്ത് വലിയ അപകടമാണ് യാത്രക്കാരെ കാത്തിരിക്കുക.