ദുബായ് : അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോർഡിട്ട് സമോവന്‍ ബാറ്റര്‍ ദാരിയസ് വിസ്സര്‍. ഒരോവറില്‍ 39-റണ്‍സാണ് ദാരിയസിന്റെ വെടിക്കെട്ടില്‍ പിറന്നത്. ഐസിസി ടി20 ലോകകപ്പ് സബ്‌റീജിയണല്‍ ഈസ്റ്റ് ഏഷ്യ പസഫിക് ക്വാളിഫയര്‍ മത്സരത്തിലെ റെക്കോഡ് പ്രകടനത്തിലൂടെ ഒരോവറില്‍ 36-റണ്‍സെടുത്ത മുന്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിങ്ങിന്റെ റെക്കോർഡ് ദാരിയസ് മറികടന്നു.ലോകകപ്പ് ക്വാളിഫയറില്‍ വനൗതുക്കെതിരായ മത്സരത്തിലാണ് സമോവന്‍ വിക്കറ്റ്കീപ്പറായ ദാരിയസ് വിസ്സര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. നിപികോ എറിഞ്ഞ 15-ാം ഓവറില്‍ ആറ് സിക്‌സറുള്‍പ്പെടെ 39 റണ്‍സാണ് പിറന്നത്. 62-പന്തില്‍ നിന്ന് താരം 132 റണ്‍സെടുത്തു. വനൗതുക്കെതിരേ 175 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ സമോവ മത്സരത്തില്‍ പത്ത് റണ്‍സിന് വിജയിച്ചു.
മത്സരത്തിലെ 15-ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളും ദാരിയസ് അതിര്‍ത്തികടത്തി. നാലാം പന്ത് ഡോട്ട് ബോളായെങ്കിലും അമ്പയര്‍ നോബോള്‍ വിധിച്ചു. അടുത്ത പന്തും സിക്‌സറടിച്ച് താരം ടീം സ്‌കോര്‍ നൂറുകടത്തി. അഞ്ചാം പന്ത് ഡോട്ട്‌ബോളായി. പിന്നീടെറിഞ്ഞ രണ്ട് പന്തുകളും നോബോളായിരുന്നു. നോബോളായ രണ്ടാം പന്ത് താരം സിക്‌സറടിച്ചു. പിന്നാലെ ഓവറിലെ അവസാനപന്തും അതിര്‍ത്തികടത്തിയ താരം റെക്കോഡ് കുറിച്ചു. ഓവറില്‍ ആകെ 39-റണ്‍സാണ് പിറന്നത്. ഇത് നാലാം തവണയാണ് ഒരു ബാറ്റര്‍ ഒരോവറില്‍ ആറ് സിക്‌സറുകളടിക്കുന്നത്. ഒരോവറില്‍ 36 റണ്‍സിലധികം നേടുന്നത് ഇതാദ്യമായാണ്. യുവ്‌രാജ് സിങ്ങാണ് ആദ്യമായി ടി20-യില്‍ ഒരോവറില്‍ ആറ് സിക്‌സറുകളടിച്ച ബാറ്റര്‍. 2007-ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറിലാണ് താരം ആറ് സിക്‌സറുകളടിച്ചത്. വിന്‍ഡീസ് താരം കീറണ്‍ പൊള്ളാര്‍ഡ്, നേപ്പാള്‍ താരം ദീപേന്ദ്ര സിങ് എയ്‌റീ എന്നിവരും നേരത്തേ ഒരോവറില്‍ ആറ് സിക്‌സറുകളടിച്ചിട്ടുണ്ട്.