കൊൽക്കത്ത: ഡാർജിലിംഗ് ട്രെയിൻ ദുരന്തത്തിൽ റെയിൽവേ സേഫ്റ്റി കമ്മീഷൻ അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകട കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപയും മന്ത്രി സഹായധനം പ്രഖ്യാപിച്ചു. ഡാർജിലിംഗിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേരാണ് മരിച്ചത്. അറുപത് പേർക്ക് പരിക്കേറ്റതായാണ് ഒടുവിലത്തെ വിവരം. സ്ഥലത്ത് രക്ഷാ പ്രവർത്തനം പൂർത്തിയായി. അഗർത്തലയിൽ നിന്നും കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസിന്റെ പിന്നിൽ സിഗ്നൽ തെറ്റിച്ചെത്തിയ ഗുഡ്‌സ് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു.
രാവിലെ 8.50 ന് ഡാർജിലിംഗ് ജില്ലയിലെ രംഗാപാനിക്ക് അടുത്ത് ന്യൂ ജയ്പാൽഗുരി സ്റ്റേഷൻ പിന്നിട്ട് മുന്നോട്ട് പോവുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസ്. ഇതിന് പിന്നിലേക്കാണ് സിഗ്നൽ തെറ്റിച്ച് കുതിച്ചെത്തിയ ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറിയത്. അപകടത്തിൽ കാഞ്ചൻജംഗ എക്സ്പ്രസിന്റെ 4 ബോഗികൾ തകർന്നു. മരിച്ചവരിൽ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റും, അസിസ്റ്റന്റും, കാഞ്ചൻജംഗ എക്സ്പ്രസിന്റെ ഗാർഡും ഉൾപ്പെടും. ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളും, പോലീസും നാട്ടുകാരുമെല്ലാം ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. തകർന്ന ബോഗികൾക്കിടയിൽ കുടുങ്ങിയവരെ ഉൾപ്പടെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെന്നും രക്ഷാ പ്രവർത്തനം പൂർത്തിയായെന്നും റെയിൽവേ അറിയിച്ചു.
അപകടകാരണം കണ്ടെത്താൻ മുതിർന്ന ഉദ്യോഗസ്ഥരെ അപകട സ്ഥലത്തേക്ക് അയച്ചെന്ന് റെയിൽവേ അറിയിച്ചു. അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിലെ മന്ത്രിമാരുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും പ്രധാനമന്ത്രിയും സഹായ ധനം പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവും അതീവ ദുഖം രേഖപ്പെടുത്തി. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നതെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പരിക്കേറ്റവർ നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.