കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബു പ്രതിയായ ഡാർക്ക് നെറ്റ് മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം സെഷൻസ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. ഒരാഴ്ചയെങ്കിലും എഡിസൺ ബാബുവിനെ കസ്റ്റഡിയിൽ വാങ്ങാനാണ് സാധ്യത. മറ്റുകേന്ദ്ര ഏജൻസികളും എഡിസൺ ബാബുവിനെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും എഡിസൺ ബാബുവിനെ ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ 14 മാസത്തിനിടെ 600 തവണയാണ് വിദേശ രാജ്യങ്ങളിൽ നിന്നും മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചത്. അയൽക്കാർക്ക് പോലും എഡിസനെക്കുറിച്ച് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.
വീട്ടിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നിന്റെ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. യുകെയിൽ നിന്ന് എത്തിക്കുന്ന ലഹരി രാജ്യത്തുടനീളം ആവശ്യക്കാർക്ക് കൈമാറാൻ സംഘത്തിന് അഞ്ചിലധികം സംസ്ഥാനങ്ങളിലായി വിതരണ ശൃംഖലയുണ്ടെന്നാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കണ്ടെത്തൽ. എൻജിനീയർ ആയി അമേരിക്കയിൽ അടക്കം ജോലി ചെയ്ത എഡിസൺ കഴിഞ്ഞ മൂന്നുവർഷമായി സജീവ ലഹരി ഇടപാടുകാരനാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞമാസം 28ന് വിദേശത്തുനിന്നും എത്തിയ തപാൽ പാഴ്‌സലിൽ എൽഎസ്ഡി സ്റ്റാമ്പ് പിടികൂടിയതാണ് രാജ്യത്തെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ കെറ്റാമേലോണിനെ തകർക്കുന്നതിൽ നിർണായകമായത്.