കാറിന്റെ മുന്നിലുള്ള ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്ന ഉപകരണമാണ് ഡാഷ് ക്യാമറകള്‍. മറക്കാനാകാത്ത യാത്രകള്‍ ഷൂട്ട് ചെയ്യുക എന്നതല്ല ഇതിന്റെ പ്രധാന ലക്ഷ്യം അപകടങ്ങളുണ്ടാകുമ്പോള്‍ സുരക്ഷിതത്വം ഉറപ്പുവരുത്താനും നിങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുമുളള മാര്‍ഗം കൂടിയാണ് ഡാഷ് ക്യാമറകള്‍. നിരവധി കമ്പനികള്‍ ഡാഷ് കാമറകള്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വിപണികളിലിറക്കുന്നുണ്ട്. ഇത്തരത്തിൽ ഡാഷ് കാമറകളുടെ ഇടപെടലിലൂടെ പുറത്തുവന്ന നിരവധി വാർത്തകൾ ഉണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് കെഎസ്ആർടിസി ബസിനും ലോറിക്കുമിടയിൽ കുടുങ്ങിയ ബൈക്കിലെ 2 യുവാക്കൾ മരിച്ച സംഭവത്തിൽ ബസ് റോഡിന്റെ ഇടതുവശത്തുകൂടി ലോറിയെ മറികടന്നു കയറാൻ കാണിച്ച തിടുക്കമാണെന്നു കണ്ടെത്തിയത് പിന്നാലെ വന്ന കാറിന്റെ ഡാഷ് ബോർഡിലെ ക്യാമറയിൽ ഒപ്പിയെടുത്ത ദൃശ്യമാണ്.
തൃശൂരിൽ കുറച്ചുനാൾ മുൻപ് കാർ ഇടിച്ചുതകർത്ത ബൈക്കിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപെട്ട കാഴ്ച വൈറൽ ആയിരുന്നു. അങ്ങനെയുള്ള ചില അപകടങ്ങളുടെ ദൃശ്യങ്ങളും പകർത്തിയത് ഡാഷ് ക്യാമറകൾ ആണ്. ഡാഷ് ബോർഡിൽ ക്യാമറയുണ്ടെങ്കിലുള്ള ഏറ്റവും വലിയ ഗുണം സ്വന്തം വാഹനം അപകടത്തിൽപെട്ടാലോ തട്ടോ മുട്ടോ മൂലം തർക്കമോ ഉണ്ടായാലോ സഹായകരമാകും എന്നതാണ്. ഡാഷ് ബോർഡ് ക്യാമറയിൽ പതിയുന്ന ദൃശ്യം പരിശോധിച്ചാൽ നമ്മുടെ ഡ്രൈവിങ് കുറ്റകരമല്ലെങ്കിൽ അതു ഗുണം ചെയ്യും.
റോഡുകളിൽ തിരക്കേറെയുള്ളതിനാൽ ഇത്തരം തർക്കങ്ങൾ ഇപ്പോൾ പതിവാണ്. കാറുകളിലെ ഡാഷ് ബോർഡ് ക്യാമറ സാധ്യമായവരെല്ലാം സ്ഥാപിക്കണമെന്നാണു പോലീസിന്റെ നിർദേശം. സിസിടിവി ക്യാമറ പോലെ തന്നെ പോലീസിനെ പലഘട്ടത്തിലും സഹായിക്കാൻ ഡാഷ്ബോർഡ് ക്യാമറയ്ക്കു കഴിയുമെന്നു സൈബർ പോലീസും അഭിപ്രായപ്പെടുന്നു. വാഹനങ്ങളിൽ ഘടിപ്പിക്കാവുന്ന ഡാഷ് ബോർഡ് ക്യാമറകൾ 2000 രൂപമുതൽ ഓൺലൈനിൽ കിട്ടും. 3000– 4000 രൂപ കൊടുക്കാൻ തയ്യാറായാൽ കാറിനു പുറത്തേക്കുള്ള കാഴ്ചയും കാറിനുള്ളിലേക്കുള്ള കാഴ്ചയും ഒരേപോലെ റെക്കോർഡ് ചെയ്യാവുന്നതും എൽസിഡി സ്ക്രീൻ ഉള്ളതുമായ ക്യാമറകൾ ലഭിക്കും.