തിരുവനന്തപുരം: വിമാനത്താവളത്തില്‍ നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങള്‍, ഈന്തപ്പഴം എന്നിവ എത്തിയതില്‍ കസ്റ്റംസ് പ്രത്യേക സംഘം വിശദമായ അന്വേഷണം തുടങ്ങി. കേസില്‍ ആരെയും പ്രതിയാക്കിയില്ലെങ്കിലും കോണ്‍സുലേറ്റ് ജീവനക്കാരില്‍ നിന്നടക്കം സാക്ഷി മൊഴികള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി ആവശ്യമെങ്കില്‍ കേന്ദ്ര അനുമതി തേടും.
കസ്റ്റംസ് ആക്‌ട്, ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേന്‍ ആക്‌ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പരിശോധന. 250 ഖുര്‍ആന്‍ കെട്ടുകള്‍ കോണ്‍സുലേറ്റില്‍ എത്തിയെങ്കിലും 32എണ്ണം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ബാക്കി വരുന്ന ഖുര്‍ആന്‍ എവിടെ എന്നതില്‍ കൃത്യമായ വിശദീകരണം നല്‍കേണ്ടത് കോണ്‍സുലേറ്റ് ആണ്. ഇതിനായി ആദ്യം കോണ്‍സുലേറ്റിലെ ജീവനക്കാരുടെ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തും.
ഇതിനോടൊക്കെ ഒപ്പം തന്നെ യുഎഇ കോണ്‍സുലേറ്റ് സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് ആവശ്യപ്പെട്ട് കസ്റ്റംസ് സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു സാമൂഹ്യക്ഷേമ വകുപ്പ് ഈന്തപ്പഴ പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്.