നടൻ ബാല മകൾക്കെതിരെ ഉന്നയിച്ച കാര്യങ്ങൾ കാര്യങ്ങളിൽ വ്യക്തത വരുത്തി ഗായിക അമൃത സുരേഷ്. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയായതോടെ ബാലയ്‌ക്കെതിരെ ആദ്യമായി മകള്‍ രംഗത്തെത്തി. അച്ഛന്‍ പറയുന്നത് പച്ചക്കള്ളമാണെന്നും മദ്യപിച്ച് വന്ന് അമ്മയെ അച്ഛന്‍ പതിവായി ഉപദ്രവിക്കുന്നത് ഇന്നും തനിക്ക് ഓര്‍മയുണ്ടെന്ന് കുട്ടി വീഡിയോയിൽ പറയുകയുണ്ടായി. തൊട്ടുപിന്നാലെ ബാലയും ഒരു വീഡിയോ ചെയ്തു. മകളോട് തര്‍ക്കിക്കാന്‍ താനില്ലെന്നും ഇനിയൊരിക്കലും അരികില്‍ വരില്ലെന്നും ബാല പറഞ്ഞു. പിന്നാലെ കുട്ടിയുടെ നേരെ സൈബർ ബുള്ളിംങ്ങ് ഉണ്ടായെന്ന പ്രതികരണവുമായി അമൃത സോഷ്യൽ മീഡിയയിൽ എത്തുകയായിരുന്നു. ബാലയുമായി പിരിയാനുള്ള കാരണം ആദ്യമായാണ് അമൃത തുറന്ന് പറഞ്ഞത്. ശാരീരികവും മാനസികവുമായ പീഡനം സഹിക്ക വയ്യാതെ വീടു വിട്ടിറങ്ങിയതാണെന്ന് അമൃത പറഞ്ഞു. മകളെ ഇനിയും സൈബര്‍ ആക്രമണം ചെയ്ത് ഉപദ്രവിക്കരുതെന്നും അമൃത അപേക്ഷിച്ചു. വിക്ടിം കാര്‍ഡ് കളിക്കാനല്ല, നിസ്സഹായ അവസ്ഥ കൊണ്ടാണ് ഇതൊക്കെ പറയേണ്ടി വരുന്നതെന്നും അമൃത വീഡിയോയിൽ പറയുന്നു.
അമൃതയുടെ വാക്കുകൾ
”വളരെയധികം വിഷമമുള്ളൊരു കാര്യം സംസാരിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. വെളുപ്പിനെ അഞ്ചരയാണ് ഇപ്പോള്‍ സമയം. ഞങ്ങളാരും ഉറങ്ങിയിട്ടില്ല. അത്രയും വിഷമത്തിലൂടെയാണ് ഞങ്ങള്‍ കടന്നു പോകുന്നത്. എനിക്ക് അഭിനയിച്ച് സംസാരിക്കാനോ ഇമോഷണല്‍ ആയി സംസാരിക്കാനോ സംസാരിച്ച് ഇംപ്രസ് ചെയ്യാനോ അറിയില്ല. നിങ്ങള്‍ എന്നെ പതിനാറ് വയസ് മുതല്‍ കാണുന്നതാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ കാലം മുതല്‍ അമൃത സുരേഷ് എന്ന വ്യക്തിയെ നിങ്ങള്‍ക്കറിയാം. പതിനാല് വര്‍ഷമായി ഞാന്‍ മിണ്ടാതിരിക്കുകയാണ്. എന്റെ നിശബ്ദത എന്നെ വെറുക്കാനുള്ള കാരണമായി മാറിയിട്ടുണ്ട്. ഞാന്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല. നിങ്ങള്‍ക്കാര്‍ക്കും സത്യാവസ്ഥ അറിയില്ലായിരുന്നു. ഞാന്‍ മിണ്ടാതിരിക്കുന്നത് കാരണം നിങ്ങളെല്ലാം അത്രത്തോളം എന്നെ വെറുക്കുന്നുണ്ടെന്ന് എനിക്കറിയാം. അതിനെ മാറ്റാന്‍ ഞാനും ശ്രമിച്ചിട്ടില്ല. അതിന്റെ കാരണം അത്രയും ഭംഗിയായി സംസാരിക്കാന്‍ എനിക്കറിയില്ല. ആ വെറുപ്പ് ഇപ്പോള്‍ പാപ്പുവിലേക്കും വന്നിരിക്കുകയാണ്.
21ന് അവളുടെ പിറന്നാളായിരുന്നു. ഞങ്ങളുടെ പരിമിധിയില്‍ നിന്നു കൊണ്ടു തന്നെ പരമാവധി സന്തോഷം അവള്‍ക്ക് നല്‍കിയിട്ടുണ്ട്. പിറ്റേന്ന് കാണുന്നത് അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തുവെന്ന് പറഞ്ഞുള്ള ഇന്റര്‍വ്യു ആണ്. പാപ്പു എന്നോട് ചോദിക്കാറുള്ളത് മമ്മി എന്തിനാണ് മിണ്ടാതിരിക്കുന്നത്. മമ്മിയ്ക്ക് മിണ്ടാനറിയില്ലെങ്കില്‍ ഞാന്‍ സംസാരിക്കാമെന്നാണ് പാപ്പു പറയുന്നത്. പാപ്പു പഴയ കുട്ടിയല്ല ഇപ്പോള്‍. പിറന്നാള്‍ ദിവസത്തെ വീഡിയോയ്ക്ക് ശേഷം ഞാന്‍ പറഞ്ഞ അങ്കിള്‍മാരും ആന്റിമാരും വിശ്വസിക്കും എന്നു പറഞ്ഞാണ് കഴിഞ്ഞ ദിവസത്തെ വീഡിയോ ചെയ്യുന്നത്. അതിലെന്ത് കണ്ടന്റ് ആണ് ഇടുന്നതെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ജീവിതത്തില്‍ എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്? പതിനെട്ടാം വയസില്‍ ഒരാളെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. പതിനെട്ടാം വയസിലെ പ്രണയം അന്ധമായിരിക്കും. അത്രയൊന്നും ചിന്തിക്കാനുള്ള പ്രായം അന്നില്ല. അവിടെ വെച്ച് ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ പലതുണ്ട്.
ചോര തുപ്പി മൂലയ്ക്ക് കിടന്ന ദിവസങ്ങളുണ്ട്. വീട്ടില്‍ പറയാന്‍ പറ്റില്ലായിരുന്നു. അച്ഛനും അമ്മയും എതിര്‍ത്ത വിവാഹമായിരുന്നു. ഒരുപാട് ചതികളിലൂടെയാണ് കല്യാണത്തിലേക്ക് എത്തിയതു പോലും. ഇനിയും അവിടെ നിന്നാല്‍ എന്നെ പോലെ കുഞ്ഞും ചോര തുപ്പി കിടക്കേണ്ടി വരും എന്ന സാഹചര്യത്തിലാണ് കിട്ടിയ സാധനങ്ങളുമെടുത്ത് അവിടെ നിന്നും ഇറങ്ങിയോടുന്നത്. അല്ലാതെ കോടികള്‍ എടുത്തിട്ടല്ല. കുപ്പി വെച്ച് എറിഞ്ഞപ്പോള്‍ ഞാന്‍ പിടിച്ചുമാറ്റിയ അനുഭവമാണ് വീഡിയോയില്‍ പാപ്പു പറയുന്നത്. ആ കുഞ്ഞ് വയസില്‍ കിട്ടിയ ഷോക്കാണ്. ഡിവോഴ്‌സിന്റെ പേപ്പറില്‍ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട് കല്യാണത്തിന് പോലും ഒരു പിതാവ് എന്ന നിലയില്‍ പൈസ തരില്ലെന്ന്. അന്ന് മുതല്‍ പാപ്പുവിന്റെ എല്ലാ കാര്യങ്ങളും ഞാന്‍ ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഞങ്ങളുടെ അച്ഛന്‍ ഇപ്പോഴില്ല. 60 വയസുള്ള അമ്മ, ടീനേജര്‍ ആയ മകള്‍, ഞാനും അഭിയും, അങ്ങനെ സ്ത്രീകള്‍ മാത്രമുള്ള കുടുംബമാണ് ഞങ്ങളുടേത്. അമ്മയ്ക്ക് ബിപിയും അസുഖങ്ങളുമൊക്കെയുണ്ട്. അച്ഛന്‍ മരിച്ച ശേഷം ഞങ്ങള്‍ എങ്ങനെയൊക്കയോ തള്ളി നീക്കി കൊണ്ടു പോവുകയാണ്. ഇങ്ങനൊരു സാഹചര്യത്തിലും ആരും കൂടെ നിന്നില്ല എന്നൊരു സങ്കടം എനിക്ക് നിങ്ങളോടെല്ലാവരോടുമായി ഉണ്ട്. അമൃത പറയുന്നു.