തിരുവനന്തപുരം : പാചകവാതക സിലിണ്ടറുകൾ വീട്ടിലെത്തിക്കുന്നതിന് ഉപയോക്താക്കളിൽ നിന്നും ഈടാക്കുന്നത് അമിത വില. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഗ്യാസ് ഏജൻസിയുടെ ഈ പകൽക്കൊള്ള അരങ്ങേറുന്നുണ്ട്. സിലിണ്ടര്‍ വീട്ടിലെത്തിച്ച് ഗ്യാസ് കണക്ഷൻ ഫിറ്റ് ചെയ്തു കൊടുക്കണം എന്നാണ് ചട്ടമെന്നിരിക്കെ സിലിണ്ടര്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിനുപോലും അമിത നിരക്കാണ് പലരും ഈടാക്കുന്നത്. ഇതിനെപ്പറ്റി ചോദിച്ചാല്‍ പിന്നെ യഥാസമയം ഗ്യാസ് സിലിണ്ടര്‍ നല്‍കില്ല. അതുകൊണ്ടുതന്നെ മിക്ക ഉപഭോക്താക്കളും മൌനം പാലിക്കുകയാണ്. വീടുകളിൽ സിലിണ്ടർ എത്തിക്കുന്നതിനുള്ള ട്രാൻസ്‌പോർട്ടിംഗ് ചാര്‍ജുള്‍പ്പെടെയുള്ള തുകയാണ് ബില്ലിലുള്ളതെന്ന് മിക്കവർക്കും അറിയില്ല. ഡെലിവറി ചാർജ് പ്രത്യേകം കൊടുക്കേണ്ടതില്ലെന്ന് കേന്ദ്രപൊതുമേഖലാ എണ്ണക്കമ്പനികളും വ്യക്തമാക്കുന്നു. എന്നാൽ തട്ടിപ്പ് ചോദ്യം ചെയ്‌താൽ ഗ്യാസ് ഏജൻസിയിൽ നേരിട്ട് ചെന്ന് സിലിണ്ടർ എടുക്കണമെന്നാകും ഡെലിവറി സ്റ്റാഫുകളുടെ ധാര്‍ഷ്ട്യം നിറഞ്ഞ മറുപടി.
ലിക്വിഡ് പെട്രോളിയം ഗ്യാസ് (റെഗുലേഷൻ ഓഫ് സപ്ലൈ ആൻഡ് ഡിസ്ട്രിബ്യൂഷൻ) ഓർഡർ 2000 എന്ന നിയമത്തിന്റെ കീഴിലാണ് പാചക വാതക വിതരണം നടക്കുന്നത്. ഒരു ഉപഭോക്താവ് ഏജൻസിയിൽ പാചകവാതക കണക്ഷൻ എടുക്കുമ്പോൾ രജിസ്റ്റർ ചെയ്ത അഡ്രസ്സിൽ ഏജൻസി നിർബന്ധമായും സിലിണ്ടർ എത്തിച്ചു നൽകേണ്ടതാണ്. ഇങ്ങനെ എത്തിച്ചു കൊടുക്കുവാൻ ഉപഭോക്താവിന്റെ പക്കൽ നിന്നും ബിൽ തുകയേക്കാൾ അധികം വാങ്ങുവാൻ പാടുള്ളതല്ല. ഏതെങ്കിലും സന്ദർഭത്തിൽ ഏജൻസിക്ക് ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മേൽവിലാസത്തിൽ ഗ്യാസ് എത്തിച്ചു കൊടുക്കുവാൻ സാധിക്കില്ലെങ്കിൽ ഉപഭോക്താവിൽ നിന്ന് പ്രത്യേക അനുമതി അതിനുവേണ്ടി ഏജൻസി എഴുതി വാങ്ങിയിരിക്കണം. വീടുകളിൽ സിലിണ്ടറുകളൾ എത്തിക്കുന്നതിനുള്ള ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്‍ജുള്‍പ്പെടെയുള്ള തുകയാണ് ബില്ലിലുള്ളതെന്നും അതിനാല്‍ ബില്ലിലുള്ളതിനേക്കാല്‍ കുടൂതല്‍ തുക നല്‍കേണ്ടതില്ലെന്നും കേന്ദ്രപൊതുമേഖലാ എണ്ണകമ്പനികള്‍ അറിയിച്ചിട്ടുണ്ട്. ഗ്യാസ് ഏജൻസികൾ കേന്ദ്രപൊതുമേഖലാ എണ്ണകമ്പനികളുടെ കീഴിലുള്ളവയായതിനാല്‍ സംസ്ഥാന വകുപ്പുകൾക്ക് അവരുടെ മേല്‍ ശിക്ഷാ നടപടികള്‍ എടുക്കുന്നതിന് പൂർണ്ണ അധികാരമില്ല. ഇത് സംബന്ധിച്ച് താലൂക്ക് സപ്ലൈ ഓഫീസര്‍ /ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ലഭിക്കുന്ന പരാതികള്‍ നടപടിയെടുക്കുന്നതിനായി ബന്ധപ്പെട്ട ഓയില്‍ കമ്പനികള്‍ക്ക് നൽകുകയാണ് ചെയ്യുന്നത്.
ഗ്യാസ് സിലിണ്ടറിന് ഡെലിവറി ചാർജ് പ്രത്യേകം കൊടുക്കേണ്ടതില്ല. അത് ബില്ലിൽ കൊടുത്തിട്ടുണ്ടാവും. ഡെലിവറിക്കാർ അധിക പണം ആവശ്യപ്പെട്ടാൽ ഒരു കാരണവശാലും കൊടുക്കേണ്ടതില്ല. വിവരം ബന്ധപ്പെട്ട ഗ്യാസ് ഏജന്സിയെയോ കമ്പനിയെയോ അറിയിക്കാവുന്നതാണ്. എണ്ണക്കമ്പനിക്ക് പരാതിപ്പെട്ടിട്ടും യാതൊരുവിധ നടപടികളും എടുത്തിട്ടില്ലെങ്കിൽ ഉപഭോക്താവ് ഏജൻസിയുടെ മാനേജർക്ക് ഒരു രജിസ്ട്രേഡ് നോട്ടീസ് അയക്കേണ്ടതാണ്. ഈ നോട്ടീസിൽ പരാതി വ്യക്തമായി എഴുതി ചേർക്കേണ്ടതാണ്. ഈ നോട്ടീസ് അയക്കുന്നതോടൊപ്പം തന്നെ ഒരു പരാതി എഴുതി കളക്ടർക്കും അയക്കാം. കളക്ടർക്ക് Essential Commodities Act പ്രകാരം ഈ കാര്യത്തിൽ ഇടപെടാം. ഇനിയും യാതൊരുവിധ നടപടികളും ആയില്ലെങ്കിൽ ഉപഭോക്താവിന് ഉപഭോക്ത തര്‍ക്ക പരിഹാര ഫോറത്തെ സമീപിക്കാവുന്നതാണ്. എല്ലാ ജില്ലകളിലും ഉപഭോക്ത തർക്ക പരിഹാര ഫോറം നിലവിലുണ്ട്. ഉപഭോക്താവിനെ യാതൊരുവിധ ചെലവുമില്ലാതെ ഫോറത്തെ സമീപിക്കാവുന്നതാണ്. ഓഗസ്റ്റ് 30 മുതല്‍ പ്രാബല്യത്തിലുള്ള ഗ്യസിന്റെ വില നിലവാരം ഇതാണ്. ഇനിയും ചൂഷണത്തിന് വിധേയരാകാതെയിരിക്കുക. എല്ലാം ചാര്‍ജും ഉള്‍പ്പെട്ട തുകയാണിത്.
2023 ഓഗസ്റ്റ് 30 മുതല്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് വിവിധ ജില്ലകളിലെ നിരക്ക് ഇപ്രകാരമാണ്. ഏറണാകുളം ₹ 910 , ഇടുക്കി ₹ 910 , കണ്ണൂര്‍ ₹ 923 , കാസറഗോഡ് ₹ 923. ഇതനുസരിച്ച് വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ എത്തിക്കുന്നതിന് ഏജന്‍സിയില്‍ നിന്നും വീട്ടിലേക്കുള്ള ദൂരം 5 കിലോമീറ്റർ വരെ – 915 രൂപാ, 10 കിലോമീറ്റർ വരെ – 937 രൂപാ, 10 മുതൽ 15 കിലോമീറ്റർ വരെ – 942 രൂപാ, 15 മുതൽ 20 കിലോമീറ്റർ വരെ – 947 രൂപാ , 20 കിലോമീറ്റർ മുകളിൽ – 952 രൂപാ. ഈ നിരക്കില്‍ ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഗ്യാസ് ഏജന്‍സി നല്‍കുന്ന ബില്ലില്‍ തുക വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ബില്ലില്‍ സംശയം തോന്നിയാല്‍ ഏജന്‍സിയില്‍ വിളിച്ച് വ്യക്തത വരുത്തേണ്ടതാണ്.