പത്തനംതിട്ട/റാന്നി : ജില്ലയിലെ പല ഹോട്ടലുകളിലും പകല്‍കൊള്ള. പലയിടത്തും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാറില്ല. ആഹാരം കഴിച്ചുകഴിയുമ്പോള്‍ ഏറെ ഭവ്യതയോടെ നല്‍കുന്ന ബില്ല് കണ്ടാല്‍ കഴിച്ച ആഹാരംപോലും ദഹിച്ചുപോകുന്ന നിലയിലുള്ളതാണ് ഈ കുറിമാനങ്ങള്‍. വൃത്തിയുള്ള ശുചിമുറിയോ മറ്റ് അടിസ്ഥാന സൌകര്യങ്ങളോ പല ഹോട്ടലുകളിലുമില്ല. ആഹാരം കഴിക്കുവാന്‍ കയറുന്നവര്‍ക്ക് ഉപയോഗിക്കുവാന്‍ ഒരു ടോയ് ലെറ്റ് പോലും ഇല്ലാത്ത ഹോട്ടലുകളും കാണാം. എന്നാല്‍ ഇവിടെയൊന്നും ബില്ലിന് ഒരു മയവുമില്ല. വിലവിവരപ്പട്ടിക ഇല്ലാത്തതിനാല്‍ തോന്നിയ ബില്ലാണ് എഴുതിനല്കുന്നത്. കഴിച്ച ആഹാരത്തിന്റെ ബില്ല് കൊടുത്താല്‍ മാത്രം പോരാ, സപ്ലൈയര്‍ക്ക് ടിപ്പും കൊടുക്കണം. ഇതാണ് പല ഹോട്ടലിലെയും അവസ്ഥ.
പാതയോരത്ത് വമ്പന്‍ ബോര്‍ഡുകളും ലൈറ്റുകളുമൊക്കെയായി പുതിയതായി തുടങ്ങിയ ഹോട്ടലുകള്‍ പലതും അറവുശാലകളാണ്. കഴിച്ച ആഹാരത്തിന് കണക്കുപറയാതെ ബില്ലിലെ പണവുംനല്‍കി പലരും നിശബ്ദമായി മടങ്ങുകയാണ് പതിവ്. നിലവാരമില്ലാത്ത ഭക്ഷണവും അമിതവിലയുമാണ് മിക്കയിടത്തും. ദിവസങ്ങള്‍ പഴക്കമുള്ള ഇറച്ചിയും മീനുമാണ് പല ഹോട്ടലുകളിലും ഫ്രീസറിലുള്ളത്. പുഴുവരിക്കുന്ന ഇവ മസാലയില്‍ പൊതിഞ്ഞ് എണ്ണയില്‍ വേവിച്ചു നല്‍കുമ്പോള്‍ പലര്‍ക്കും ഇതിന്റെ രുചി ഒരു പ്രത്യേക അനുഭവമായിരിക്കും. ചൈനാക്കാരുടെ ഇഷ്ടവിഭവം അവര്‍ അറിഞ്ഞുകൊണ്ട് കഴിക്കുമ്പോള്‍ ഇവിടെയുള്ളവര്‍ അത് അറിയാതെ കഴിക്കുന്നു എന്നുമാത്രം.
റാന്നി മാടത്തുംപടിക്ക് സമീപമുള്ള ചെന്നൈ ആനന്ദം ഹോട്ടലില്‍ സ്പെഷ്യല്‍ ഒന്നുമില്ലാതെയുള്ള സാധാരണ ഊണിന് 150 രൂപയാണ് കഴിഞ്ഞ ദിവസം ഇടാക്കിയത്. ജില്ലയിലെ മിക്ക ഹോട്ടലുകളിലും 80 രൂപയാണ് സാധാരണ ഊണിന് ഈടാക്കുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 60 രൂപ പോലും ഇടാക്കുവാന്‍ കഴിയുന്നതായിരുന്നില്ല ഈ ഊണ്. വിലവിവര പട്ടിക ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഊണ് കഴിക്കുന്നതിനിടയില്‍ ഒന്നിന് പിറകെ മറ്റൊന്നായി മൂന്നു സപ്ലൈയര്‍മാര്‍ വന്ന് സ്പെഷ്യല്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും അവസാനം വന്നയാളോട് അനിഷ്ടം പ്രകടിപ്പിക്കേണ്ടി വന്നുവെന്നും മനസ്സമാധാനത്തോടെ ഊണ് കഴിക്കാന്‍ സാധിച്ചില്ലെന്നും ഇവിടെനിന്നും ഭക്ഷണം കഴിച്ചവര്‍ പറഞ്ഞു. ഊണിനൊപ്പം സ്പെഷ്യല്‍ വാങ്ങാത്തതിന്റെ കലിയിലായിരിക്കാം രണ്ട് ഊണിന് 300 രൂപ ഈടാക്കിയതെന്നും ഇതിനെതിരെ പരാതിയുമായി മുമ്പോട്ടുപോകുമെന്നും ഇവര്‍ പറഞ്ഞു.
പൊന്തന്‍പുഴക്ക് സമീപം കരിമ്പനക്കുളത്തെ കാന്താരി ഹോട്ടലില്‍ ഒരു മത്തി വറുത്തതിന് ഈടാക്കിയത് 40 രൂപയാണ്, രണ്ടെണ്ണമുള്ള ഒരു പ്ലെയിറ്റിന് 80 രൂപയും. ഹോട്ടലിന്റെ പേരിലെ “കാന്താരി” കടിച്ച അനുഭവമായിരുന്നു ബില്ല് കിട്ടിയപ്പോള്‍. എന്നാല്‍ ഇവിടെ ഊണിന് 80 രൂപ മാത്രമാണ് ഈടാക്കിയത്. ഹോട്ടലുകളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനചിലവ് കണക്കാക്കിയാല്‍പോലും അമിതവിലയാണ് പല ഹോട്ടലുകളും ഈടാക്കുന്നത്. ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ വിലവിവര പട്ടിക നല്‍കാറുണ്ടെങ്കിലും ചില ഹോട്ടലുകള്‍ മാത്രമാണ് ഇവ പ്രദര്‍ശിപ്പിക്കുന്നത്. 70 മുതല്‍ 80 രൂപ വരെയാണ് സാധാരണ ഊണിന് ഈടാക്കുവാന്‍ സംഘടന പറയുന്ന നിരക്ക്. ഇവിടെയാണ് 150 രൂപ നിലവാരമില്ലാത്ത ഊണിന് ചിലര്‍ ഈടാക്കുന്നത്. തട്ടുകടകളുടെ മറവിലും കൊള്ളയാണ് നടക്കുന്നത്. സിവില്‍ സപ്ലൈസ് വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും പരിശോധന ഇല്ലാത്തതാണ് ഈ കൊള്ളക്ക് കാരണം. ഒരുപക്ഷെ ഇവരുടെ മൌന സമ്മതത്തോടെയായിരിക്കും ഈ കൊള്ള നടക്കുന്നത്. പടി കിട്ടിയാല്‍ ഏതു പടിയും ചാടിക്കയറാം…അതാണല്ലോ നാട്ടുനടപ്പ്.
കൊള്ളക്ക് നിന്നുകൊടുക്കുകയല്ല, ഇതിനെതിരെ പ്രതികരിക്കുകയാണ് വേണ്ടത്. പാതയോരത്ത് ഹോട്ടല്‍ എന്ന ബോര്‍ഡും കഴുത്തില്‍ തൂക്കി നിങ്ങളെ ആരെങ്കിലും മാടിവിളിക്കുന്നുണ്ടെങ്കില്‍ അവിടെ തലവെച്ചു കൊടുക്കാതിരിക്കുക. ഏതു ഹോട്ടലില്‍ കയറിയാലും ഓരോ ഭക്ഷണത്തിന്റെയും വിലയും അളവും ചോദിച്ചു മനസ്സിലാക്കുക, കൃത്യത വരുത്തിയതിനു ശേഷം മാത്രം ഓര്‍ഡര്‍ നല്‍കുക. ഇതില്‍ ഒരു നാണക്കേടും ചിന്തിക്കേണ്ടതില്ല, കാരണം പാതയോരത്ത് വില്‍ക്കുന്ന കപ്പയുടെയും മീനിന്റെയും വില ചോദിച്ചറിഞ്ഞതിനുശേഷമാണ് നമ്മള്‍ വാങ്ങുന്നത്…..