പത്തനംതിട്ട : സി.പി.എം ഏരിയാ കമ്മിറ്റി അംഗം പ്രസിഡന്റായ മൈലപ്രാ സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പിനെക്കുറിച്ചും ക്രമക്കേടിനെപ്പറ്റിയും സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. സി.പി.എം ഭരണത്തിലുള്ള ജില്ലയിലെ സഹകരണ ബാങ്കുളില്‍ നടക്കുന്ന വ്യാപകമായ തട്ടിപ്പിന്റെ ഏറ്റവും അവസാനത്തേതാണ് മൈലപ്രാ സഹകരണ ബാങ്ക് ക്രമക്കേടെന്നും സമാനമായ തട്ടിപ്പുകള്‍ നടന്ന സീതത്തോട്, കുമ്പളാംപൊയ്ക, വകയാര്‍, കോന്നി, കൊടുമണ്‍, ചന്ദനപ്പള്ളി എന്നിവിടങ്ങളിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അനേഷണം നടത്തി നടപടികള്‍ സ്വീകരിക്കാതിരുന്നതും സഹകരണ വകുപ്പിന്റെ ജാഗ്രതക്കുറവും ഒത്താശയുമാണ് മൈലപ്രയില്‍ കോടികളുടെ തട്ടിപ്പ് നടത്തുവാന്‍ ബാങ്ക് പ്രസിഡന്റിനും സെക്രട്ടറിക്കും കഴിഞ്ഞതെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
വര്‍ഷങ്ങളായി സി.പിഎം നേതാവ് കുത്തകയാക്കി വെച്ചരിക്കുന്ന മൈലപ്രാ സഹകരണ ബാങ്കില്‍ സി.പി.എം നേതാക്കളുടെയും ബന്ധപ്പെട്ട അധികൃതരുടെയും ഒത്താശയോടെയാണ് കോടികളുടെ തട്ടിപ്പ് നടന്നിരിക്കുന്നതെന്നും ഇത് സംബന്ധിച്ച് അന്വേഷണം പ്രത്യേക ഏജന്‍സിക്ക് കൈമാറണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. സഹകരണ ബാങ്കിലെ സഹകാരികളുടെ കോടിക്കണക്കിന് നിക്ഷേപം അമൃത ഫാക്ടറിക്കുവേണ്ടി വകമാറ്റുകയും വായ്പ അനുവദിക്കുകയും വായ്പ പലിശ എഴുതി തള്ളുകയും ചെയ്തത് സി.പി.എമ്മിലേയും സര്‍ക്കാരിലേയും ഉന്നതരുടെ അറിവോടെയാണെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
സി.പി.എം നേതാക്കള്‍ ഭരിക്കുന്ന ജില്ലയിലെ പല സഹകരണ ബാങ്കുകളിലും വ്യാപകമായ ക്രമക്കേടുകളാണ് നടക്കുന്നത്. ഇത് മറച്ചുപിടിക്കുവാന്‍ സംഘം തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായി അക്രമം നടത്തി ഭരണസമിതി പിടിച്ചെടുക്കുന്ന സമീപനമാണ് സി.പി.എം ജില്ലയിലൊട്ടാകെ സ്വീകരിച്ചിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി. ഇപ്പോഴത്തെ ബാങ്ക് പ്രസിഡന്റിന്റെ ബാങ്കിലെ വര്‍ഷങ്ങളായുള്ള തട്ടിപ്പ് പുറത്തുവരാതിരിക്കാനാണ് പല രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് ഇപ്പോള്‍ സി.പി.എമ്മില്‍ അഭയം തേടിയിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
മൈലപ്രാ സഹകരണ ബാങ്കിലെ ക്രമക്കേടിന്റെ ഉത്തരവാദികളായ നിലവിലെ പ്രസിഡന്റ്, സെക്രട്ടറി, സഹകരണ സംഘം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമൈന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. മൈലപ്രാ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ നിക്ഷേപ തുക മടക്കി നല്‍കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.