പത്തനംതിട്ട : ജില്ലയില്‍ നിരന്തരമായി നടക്കുന്ന സര്‍വ്വസ് സഹകരണ ബാങ്ക് തട്ടിപ്പുകള്‍ ഉന്നതരായ സി.പി.എം നേതാക്കളുടേയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടേയും അറിവോടെയും ഒത്താശയോടെയുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മൈലപ്രാ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിന് ഉത്തരവാദികളായ പ്രസിഡന്റ്, സെക്രട്ടറി, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കണമെന്നും നിക്ഷേപകരുടെ പണം എത്രയും വേഗം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും ബാങ്ക് ഉപരോധവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം ഏരിയാ കമ്മിറ്റി അംഗവും താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനുമായിരുന്ന ആള്‍ വര്‍ഷങ്ങളായി പ്രസിഡന്റായിരുന്ന മൈലപ്രാ സഹകരണ ബാങ്കില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ക്രമേക്കേട് നടന്നിരിക്കുന്നതെന്നും അദ്ദേഹത്തെ സി.പി.എമ്മില്‍ നിന്നും പുറത്താക്കുവന്‍ ജില്ലാ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം നേതൃത്വത്തിലുള്ള ജില്ലയിലെ സീതത്തോട്, വടശ്ശേരിക്കര, കുമ്പളാംപൊയ്ക, വകയാര്‍, ചന്ദനപ്പള്ളി, കോന്നി, കൊടുമണ്‍, അടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കുകള്‍, അടൂര്‍, തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കുകള്‍ എന്നിവയില്‍ നടന്ന ക്രമക്കേടുകളില്‍ അന്വേഷണം നടത്തി നിക്ഷേപകരുടെ പണം തിരികെ നല്‍കാതിരിക്കുന്നത് കടുത്ത അനീതിയും നിക്ഷേപകരോടുള്ള വഞ്ചനയുമാണ്.
മൈലപ്രാ സര്‍വ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി പ്രത്യേക ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, വെട്ടൂര്‍ ജ്യോതിപ്രസാദ്, എലിസബത്ത് അബു, സജി കൊട്ടയ്ക്കാട്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് റോയിച്ചന്‍ എഴിക്കകത്ത്, സലിം പി ചാക്കോ, ജയിംസ് കീക്കരിക്കാട്ട്, വില്‍സണ്‍ തുണ്ടിയത്ത്, ബേബി മൈലപ്രാ, ജെസി വര്‍ഗ്ഗീസ്, ബിജു സാമുവല്‍, ലിബു മാത്യൂ, ജോബി മണ്ണാറക്കുളഞ്ഞി, ജോര്‍ജ്ജ് യോഹന്നാന്‍, സി.എ തോമസ്, സിബി ജേക്കബ്, കെ.കെ പ്രസാദ്, എന്‍.പ്രദീപ് കുമാര്‍, തോമസ് ഏബ്രഹാം, ശോശാമ്മ ജോണ്‍സണ്‍, ജനകമ്മ ശ്രീധരന്‍, ഓമന ജോണ്‍സണ്‍, മഞ്ജു സന്തോഷ്, ആഷ്ലി എം ഡാനിയേല്‍, അനിത മാത്യു, ഓമന വര്‍ഗ്ഗീസ്, സി.ഡി വര്‍ഗ്ഗീസ്, വി.കെ. ഗോപിനാഥപിള്ള, സണ്ണി കണ്ണംമണ്ണില്‍, ഐവാന്‍ വകയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മൈലപ്രാ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സഹകരണ ബാങ്കിന് മുമ്പില്‍ പോലീസ് തടഞ്ഞു. പോലീസ് വലയം ഭേദിച്ച് ഓഫീസിലേക്ക് തള്ളിക്കയറുവാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.