പത്തനംതിട്ട : സംരക്ഷിത വന മേഖലക്ക് ചുറ്റം ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ റിവിഷന്‍ ഹര്‍ജി നല്‍കണമെന്നും ജനങ്ങളുടെ ഇതു മൂലമുള്ള ക്ലേശം പരിഹരിക്കുവാന്‍ സാദ്ധ്യമായ മറ്റെല്ലാ നടപടികളും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട്, വടശ്ശേരിക്കര, പെരുനാട്, അരുവാപ്പുലം പഞ്ചായത്തുകളിലും വെച്ചൂച്ചിറ പഞ്ചായത്തില്‍ ഉള്‍പ്പെട്ട കൊല്ലമുള വില്ലേജിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഹര്‍ത്താല്‍ നടത്തി. ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. തൊഴില്‍ മേഖലയിലുള്ള തൊഴിലാളികള്‍ പണിമുടക്കി. പാല്‍, പത്രം, വിവാഹ ആവശ്യങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നീ അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു.
വടശ്ശേരിക്കരയില്‍ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, ചിറ്റാറില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, ഭാരവാഹികളായ റോബിന്‍ പീറ്റര്‍ സീതത്തോട്ടിലും, സാമുവല്‍ കിഴക്കുപുറം തണ്ണിത്തോട്ടിലും, വെട്ടൂര്‍ ജ്യോതിപ്രസാദ് അരുവാപ്പുലത്തും, റ്റി.കെ സാജു കൊല്ലമുളയിലും, സതീഷ് പണിക്കര്‍ പെരുനാട്ടിലും ഹര്‍ത്താലിന് നേതൃത്വം നല്‍കി. ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി നിലനിര്‍ത്തണമെന്ന സുപ്രീം കൊടതി ഉത്തരവ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദ നടപടികള്‍ മൂലമാണെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
സര്‍ക്കാരുകളുടെ നിസംഗതക്കെതിരായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ മലയോര ഹര്‍ത്താല്‍ വന്‍ വിജയമായിരുന്നുവെന്നും പൊതുജനങ്ങള്‍ ഇതുമായി പൂര്‍ണ്ണമായി സഹകരിച്ചുവെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. സുപ്രീം കോടതി ഉത്തരവിനെതിരെ റിവിഷന്‍ പെറ്റീഷന്‍ ഉള്‍പ്പെടെയുളള നീക്കങ്ങളുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് പോയില്ലെങ്കില്‍ ഉത്തരവ് ദോഷകരമായി ബാധിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടികള്‍ക്ക് ഡി.സി.സി നേതൃത്വം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.