പത്തനംതിട്ട : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വ സമ്മേളനം സെപ്റ്റംബര്‍ 18-ാം തീയതി ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പത്തനംതിട്ട രാജീവ് ഭവനില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു.
പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.റ്റി തോമസ് എം.എല്‍.എ, ടി. സിദ്ദിക്ക് എം.എല്‍.എ, എം.പി മാരായ ആന്റോ ആന്റണി, അടൂര്‍ പ്രകാശ്, കെ.പി.സി.സി ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിക്കും.
ഡി.സി.സി ഭാരവാഹികള്‍, കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്‍റുമാര്‍, പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്‍റുമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് 5.30 ന് മുതിര്‍ന്ന നേതാക്കളുടെ യോഗവും കെ.പി.സി.സി പ്രിസഡന്റിന്റെ സാന്നിദ്ധ്യത്തില്‍ ചേരും. മുന്‍ ഡി.സി.സി പ്രസിഡന്‍റുമാര്‍, ജില്ലയില്‍ നിന്നുള്ള കെ.പി.സി.സി ഭാരവാഹികള്‍, കെ.പി.സി.സി അംഗങ്ങള്‍, മുന്‍ ഡി.സി.സി ഭാരവാഹികള്‍ എന്നിവരാണ് ഈ യോഗത്തില്‍ പങ്കെടുക്കുന്നവര്‍.
സംഘടനാ തലത്തില്‍ വരുത്തേണ്ട ഘടനാപരമായ മാറ്റങ്ങളെക്കുറിച്ച് നെയ്യാര്‍ ഡാം രാജീവ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന ഡി.സി.സി പ്രസിഡന്‍റുമാരുടെ ദ്വിദിന ശില്‍പ്പശാലയിലെ നിര്‍ദ്ദേശങ്ങള്‍ വിശദീകരിക്കുന്നതിനും ജില്ലയില്‍ സംഘടിപ്പിക്കുന്ന ബ്ലോക്ക്, മണ്ഡലം തലങ്ങളിലെ പരിശീലന പരിപാടി, ബൂത്ത് കമ്മിറ്റികളുടെ താഴെയുള്ള യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം എന്നിവയെക്കുറിച്ച് ആലോചിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുമായിട്ടാണ് ഡി.സി.സി നേതൃയോഗവും മുതിര്‍ന്ന നേതാക്കളുടെ യോഗവും കെ.പി.സി.സി പ്രസിഡന്റിന്റെയും മറ്റ് നേതാക്കളുടേയും സാന്നിദ്ധ്യത്തിലും പുതിയതായി ചുമതല ഏറ്റെടുത്ത ഡി.സി.സി പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിലും ചേരുന്നതെന്ന് സംഘടനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു.