പത്തനംതിട്ട : കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് രാജ്യദ്രോഹികളായ സ്വര്‍ണ്ണക്കള്ളക്കടത്തുകാരുടെ താവളമായി മാറിയെന്നും മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ മുന്‍ ഐ.റ്റി സെക്രട്ടറി ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യുമെന്നുള്ള എന്‍.ഐ.എ യുടെ തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോഴും സംശയത്തിന്റെ നിഴലിലാണെന്നത്തിന്റെ വ്യക്തമായ തെളിവാണെന്നും പത്തനംതിട്ട ഡി.സി.സി നേതൃയോഗം അഭിപ്രായപ്പെട്ടു.
ഐ.റ്റി സെക്രട്ടറിക്ക് പ്രതികളുമായി ബന്ധമുണ്ടന്ന് സംശയലേശമന്യേ തെളിഞ്ഞിരിക്കുന്നതിനാല്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണം. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ പിണറായി വിജയന്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത് അദ്ദേഹം നടപ്പാക്കി മാതൃക കാണിക്കണം. എല്ലാ അഴിമതികളും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ്. സപ്രിംഗ്ലര്‍, ബെവ്ക്യൂ ആപ്പ്, പമ്പയിലെ മണല്‍ കടത്ത്, ഈ മൊബിലിറ്റി പദ്ധതി, റീബില്‍ഡ് കേരള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ആയ കെ.പി.എം.ജി യുമായി ബന്ധപ്പെട്ട അഴിമതി, സെക്രട്ടേറിയേറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് ഓഫീസ് നല്‍കുവാനുള്ള അനുമതി തുടങ്ങിയവയ്ക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധമുള്ളതിനാല്‍ അദ്ദേഹം രാജിവെയ്ക്കുന്നതുവരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുവാന്‍ ഡി.സി.സി നേതൃയോഗം തിരുമാനിച്ചു.
പിണറായി സര്‍ക്കാരിന്റെ കാലത്തെ അന്താരാഷ്ട്ര ബന്ധമുള്ള രാഷ്ട്രീയ അഴിമതികള്‍ അന്വേഷിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താവായി മുഖ്യമന്ത്രി മാറിയതുകൊണ്ടാണ് അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സികള്‍ സര്‍ക്കാരില്‍ പിടിമുറുക്കിയത്. ശബരിമല വിമാനത്താവള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറിലും വന്‍ അഴിമതിയുണ്ട്. ലൂയിസ് ബര്‍ഗ്ഗര്‍ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള അന്താരാഷ്ട്ര കുത്തക കമ്പനിയാണ്. ഇത്രയും ശക്തമായ അഴിമതിയാരോപണങ്ങള്‍ കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും നേരിടേണ്ടി വന്നിട്ടില്ലെന്നും മുഖ്യമന്ത്രി രാജിവെക്കുന്നതുവരെ സമരം ശക്തമാക്കുവാനും ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. രാവിലെ നടന്ന മുതിര്‍ന്ന നേതാക്കളുടെയും ഡി.സി.സി ഭാരവാഹികളുടെയും യോഗത്തിന് ശേഷം മണ്ഡലം പ്രസിഡന്‍റുമാര്‍, ഡി.സി.സി മെമ്പറന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗവും നടന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് രണ്ട് യോഗങ്ങളും നടന്നത്.
ചിറ്റാര്‍ കൊടപ്പനയില്‍ ടി.റ്റി മത്തായി എന്ന യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മത്തായിയുടെ കുടുംബത്തിന് അന്‍പത് ലക്ഷം രൂപാ വനംവകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. റാന്നി-കോന്നി വനം ഡിവിഷനുകളിലെ ആയിരക്കണക്കിന് കര്‍ഷകരുടെ പട്ടയ കൈവശഭൂമികള്‍ റിസര്‍വ് വനമായി പ്രഖ്യാപിച്ച നടപടി പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ പരിഹരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് നേതൃയോഗം ജില്ലാ ഭരണകൂടത്തോടും ബന്ധപ്പെട്ട അധികൃതരോടും ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ആവശ്യമായ സമയം ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.പി.എം അനുകൂല സംഘടനകളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കുവാനുള്ള നീക്കം നടക്കുന്നതായി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, സജീവ് ജോസഫ്, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, സതീഷ് കൊച്ചുപറമ്പില്‍, ഡി.സി.സി ഭാരവാഹികളായ റിങ്കു ചെറിയാന്‍, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, വി. ആര്‍ സോജി, എബ്രഹാം മാത്യു പനച്ചിമ്മൂട്ടില്‍, ജോണ്‍സണ്‍ വിളവിനാല്‍, കെ.എന്‍ അച്യുതന്‍, സുനില്‍ എസ് ലാല്‍, ലാലു ജോണ്‍, അഹമ്മദ്ഷാ, ബിജിലി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.