കോന്നി : കോന്നി മെഡിക്കൽ കോളേജ് സ്വന്തം ക്രഡിറ്റിലാക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സർക്കാരിനെതിരെയും രൂക്ഷ വിമർശനങ്ങളുമായി ഡി സി സി പ്രസിഡൻ്റ് ബാബു ജോർജ്.
കോന്നി മെഡിക്കല്‍ കോളേജ്, ഉമ്മന്‍ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ അന്നത്തെ കോന്നി എം.എല്‍.എ യും മന്ത്രിയുമായിരുന്ന ശ്രീ. അടൂര്‍ പ്രകാശിന്റെ ശ്രമഫലമായി ഉണ്ടായതാണെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. ഇടതുമുന്നണി അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ കാലവിളംമ്പം കൂടാതെ മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുമായിരുന്നു.
കോന്നി ഉപതെരഞ്ഞെടുപ്പുവരെ പലതരത്തില്‍ കോന്നി മെഡിക്കല്‍ കോളേജിന് ഇവര്‍ തുരങ്കം വച്ചു. ആരോഗ്യമന്ത്രി ഈ മെഡിക്കല്‍ കോളേജിനെതിരെ നിയമസഭയില്‍ പരസ്യ നിലപാട് എടുത്തു. നിയമസഭയിലെ അടൂര്‍ പ്രകാശിന്റെ അവസാന പ്രസംഗവും മെഡിക്കല്‍ കോളേജിനു വേണ്ടി ആയിരുന്നു. 4 വര്‍ഷം ഫണ്ട് അനുവദിക്കാതെ തടസപ്പെടുത്തിയ ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ തങ്ങളുടെ നേട്ടമായി മെഡിക്കല്‍ കോളേജിനെ അവതരിപ്പിക്കുന്നത് അവര്‍ക്ക് നാണമില്ലാത്തതുകൊണ്ടാണ്. 8 മാസം മുമ്പ് മാത്രം എം.എല്‍.എ ആയ ഒരു വ്യക്തിക്ക് ഈ ലോക്ക്ഡൗണ്‍ കാലത്ത് എങ്ങനെ ഇത്രയും ബൃഹത്തായ പദ്ധതി നടപ്പാക്കാന്‍ കഴിയും.
പ്രതിപക്ഷ ബഹുമാനമില്ലാത്തതുകൊണ്ടാണ് യു.ഡി.എഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ചത്. കോന്നി മെഡിക്കല്‍ കോളേജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. ഇതിന്റെ പിതൃത്വം എത്ര അവകാശപ്പെട്ടാലും എല്‍.ഡി.എഫ് ന് ലഭിക്കില്ല. പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ ജില്ലയിലെ എം.പി ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഉദ്ഘാടന തീയതിപോലും നിശ്ചയിച്ചത്. എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന ആശയം വിഭാവനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും, അടൂര്‍ പ്രകാശ് എം.പി യോടും ഒരു വാക്ക് പറയാതെ നടത്തിയ ഉദ്ഘാടനം അല്‍പ്പത്തരമാണെന്ന് ബാബു ജോർജ് പറഞ്ഞു.
മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌കരിച്ചെങ്കിലും കോന്നിയില്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജിന്റെ നെതൃത്വത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തുകയും ലഡു വിതരണം നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം തരംതാണതായിരുന്നുവെന്നും വസ്തുതകളെ വളച്ചൊടിക്കുന്നതായിരുന്നുവെന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.
ആഹ്‌ളാദ പ്രകടനത്തോടൊപ്പം നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.