ഡല്‍ഹി : ഡിസിസി അധ്യക്ഷനിയമനത്തില്‍ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച. താരിഖ് അന്‍വര്‍ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഫോണില്‍ വിളിച്ചു. പുതിയ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ചര്‍ച്ച. ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനം വൈകുന്നതിനിടെ പട്ടികക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി പ്രവാഹം. തിരുവനന്തപുരത്ത് പാലോട് രവിക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.സമ്മര്‍ദമുണ്ടെങ്കിലും പുറത്തു വന്ന പേരുകളില്‍ കാര്യമായ മാറ്റം ഹൈക്കമാന്‍ഡ് വരുത്തിയേക്കില്ല.
ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടികയിലെ പേരുകള്‍ പുറത്തു വന്നതോടെ ഗ്രൂപ്പ് നേതാക്കളും അധ്യക്ഷ സ്ഥാനം പ്രതീക്ഷിച്ചിരുന്നവരെ അനുകൂലിക്കുന്നവരുമാണ് പരാതിയുമായി ഹൈക്കമാന്‍ഡിന് മുന്നിലെത്തിയത്. ഗ്രൂപ്പുകള്‍ നല്‍കിയ പേരുകള്‍ അവഗണിച്ചു, ജില്ലകളുടെ ഘടനയ്ക്കനുസരിച്ച് സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കിയില്ല എന്നിങ്ങനെ പോകുന്നു പരാതി. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പട്ടികയില്‍ മാറ്റം വരുത്താന്‍ ഹൈക്കമാന്‍ഡ് തയ്യാറായേക്കില്ല. തിരുവനന്തപുരത്ത് പാലോട് രവി, പാലക്കാട് എ തങ്കപ്പന്‍ എന്നിവര്‍ക്കെതിരെയുള്ള എതിര്‍പ്പ് ശക്തമാണ്. പാലോട് രവി ആര്‍എസ്എസുകാരനാണെന്ന് ആരോപിച്ചുള്ള പോസ്റ്ററുകള്‍ തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ടു. വ്യക്തിപരമായി അധിക്ഷേപിക്കുന്ന വാചകങ്ങളും പോസ്റ്ററില്‍ ഉണ്ട്. അതേസമയം പ്രതിഷേധങ്ങളെയും പോസ്റ്ററുകളെയും പാര്‍ട്ടി ഗൗരവമായി കാണുന്നില്ലെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു
പട്ടികക്ക് അനുമതി നല്‍കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി സംസാരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വനിതാ, പട്ടികജാതി പ്രാതിനിധ്യം ഇല്ലാത്തതില്‍ അതൃപ്തി ഉണ്ടെങ്കിലും കെപിസിസി പുനസംഘടനയില്‍ ഈ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനം ഉണ്ടാകുമെന്ന ഉറപ്പ് മുഖവിലയ്ക്ക് എടുക്കുകയാണ് ഹൈക്കമാന്‍ഡ്..