പത്തനംതിട്ട : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു.ഡി.എഫിനുണ്ടായ പരാജയത്തിന്റെ വെളിച്ചത്തില്‍ പുതിയ നേതൃത്വം വരുന്നതിന് കെ.പി.സി.സി നേതൃത്വത്തെ തന്റെ രാജി സന്നദ്ധത അറിയിച്ചതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു. പരാജയം സംഭവിച്ചത് ഡി.സി.സി യുടെ വീഴ്ചകൊണ്ടല്ല. എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വം ഇക്കാര്യത്തില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ നേതൃത്വം ഉയര്‍ന്ന് വരണം. അതിനായിട്ടാണ് രാജി സന്നദ്ധത നേതൃത്വത്തെ അറിയിച്ചതെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു. ജില്ലയില്‍ ഒറ്റക്കെട്ടായി യു.ഡി.എഫ് നോതാക്കളും പ്രവര്‍ത്തകരും തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചുവെങ്കിലും ബി.ജെ.പി വോട്ട് മറിച്ചത് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. പരാജയം വിലയിരുത്തി പരിഹാരം കാണുമെന്നും ശക്തമായ സംഘടനാ സംവിധാനം നിലവില്‍ വരാന്‍ സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അടൂര്‍, റാന്നി നിയോജക മണ്ഡലങ്ങളില്‍ കനത്ത പോരാട്ടം യു.ഡി.എഫ് കാഴ്ചവെച്ച് എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം കുറക്കുവാനും കഴിഞ്ഞിട്ടുണ്ട്. അഞ്ചു നിയോജകമണ്ഡലത്തിലെ ബി.ജെ.പി യുടെ 50,000 വോട്ടുകളിലാണ് കുറവ് സംഭവിച്ചിട്ടുള്ളത്. ഈ വോട്ടുകള്‍ എല്‍.ഡി.എഫിന് മറിച്ചു നല്‍കിയതിന്റെ വിജയമാണ് ജില്ലയില്‍ കണ്ടതെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.