ഇടുക്കി: മുതിരപ്പുഴയാറ്റിലെ കുത്തൊഴുക്കില്‍ മ്യതദേഹം ഒഴുകിയെത്തിയതായി സംശയം . മഴ കനത്തതോടെ മുതിരപ്പുഴയാര്‍ കരകവിഞ്ഞതിന് പിന്നാലെ പ്രളയ ഭീതിയിലാണ് മൂന്നാര്‍. ഇതിനിടയിലാണ് മുതിരപ്പുഴയാറ്റിന്റെ നടുവില്‍ കുന്നുകൂടിയ മണ്‍തിട്ടയില്‍ മ്യതദേഹമെന്ന് തോന്നിക്കുന്ന തരത്തില്‍ പായില്‍ പൊതിഞ്ഞ വസ്തു നാട്ടുകാര്‍ കണ്ടത്.
മൂന്നാര്‍ പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി ഇത് കരയ്ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മുതിരപ്പുഴയില്‍ കുത്തൊഴുക്ക് കൂടിയതോടെ മണ്‍തിട്ടയില്‍ എത്തിപ്പെടാന്‍ കഴിഞ്ഞില്ല. ഇതിനിടെ മൃതദേഹമെന്ന് തോന്നുന്ന വസ്തു വെള്ളത്തില്‍ ഒഴുകിപ്പോവുകയും ചെയ്തു. രണ്ട് പായകള്‍ ഉപയോഗിച്ച് പൊതിഞ്ഞനിലയില്‍ കണ്ടെത്തിയ വസ്തുവിന് ഏകദേശം ആറടി നിളമുള്ളതായി പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളമൊഴുക്ക് ശക്തമായതിനാല്‍ സംശയം തോന്നിയ വസ്തു ഇനി കണ്ടെത്തുക ശ്രമകരമാണെന്നു പ്രദേശ വാസികള്‍ പറഞ്ഞു.