തൃശൂര്‍ : മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതിലും പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിലും വീഴ്ച ആവര്‍ത്തിക്കുന്നു.മൃതദേഹം ആളുമാറി സംസ്‌കരിച്ച് ആറുമാസത്തിനകം വീണ്ടും ഗുരുതര വീഴ്ചയുണ്ടായതില്‍ പ്രതിഷേധം ശക്തമായി. ബൈക്ക് അപകടത്തില്‍ പെട്ട് ചികിത്സയിലിരിക്കെ മരിച്ച യൂസഫിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാതെ ശനിയാഴ്ച രാത്രി ഡ്യൂട്ടി ഡോക്ടറാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. ഞായറാഴ്ച രാവിലെ സീനിയര്‍ ഡോക്ടര്‍ എത്തിയപ്പോഴാണ് അശ്രദ്ധ മനസിലായത്. ഉടന്‍ പോലീസിനെ അറിയിച്ച് പോസ്റ്റ് മോര്‍ട്ടത്തിനുള്ള നടപടികള്‍ സ്വീകരിച്ചു.
ആശുപത്രിയില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കേണ്ട ചുമതല ആര്‍.എം.ഒയ്‌ക്കാണ്. രണ്ട് ദിവസമായി ആര്‍.എം.ഒ അവധിയിലാണ്. ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കിയതായി സ്ഥിരീകരണമില്ല. യൂസഫിന്റെ മൃതദേഹം കബറടക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകള്‍ക്കിടെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസിനൊപ്പമാണ് എത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി വിട്ടുതരണമെന്ന് പറഞ്ഞതോടെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമായി. ജനപ്രതിനിധികളും മറ്റും ഇടപെട്ട് മൃതദേഹം വിട്ടു കൊടുക്കുകയായിരുന്നു.