കോഴിക്കോട്: ഹൈലൈറ്റ് മാളിലെ ജീവനക്കാരിയായിരുന്ന മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ്. മകള്‍ ആദിത്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. കായക്കൊടി സ്വദേശിയായ ആദിത്യ ചന്ദ്രയുടെ(22) മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന്റെ മുന്‍പിലെത്തിച്ച് ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പിതാവ് ചന്ദ്രനാണ് പരാതി നല്‍കിയിരിക്കുന്നത്. ജൂലായ് 13-നാണ് കോഴിക്കോട് ഗണപതിക്കുന്നിലെ വാടക വീട്ടിലെ മുറിയില്‍ ആദിത്യ ചന്ദ്രയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആദിത്യയുടെ കൂടെ മാവൂര്‍ സ്വദേശിയും താമസിച്ചിരുന്നു. മരണം സംഭവിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാവൂര്‍ സ്വദേശിയെ ഇതുവരെയും ചോദ്യം ചെയ്യുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചന്ദ്രന്‍ പരാതിയില്‍ ആരോപിക്കുന്നു. മരണത്തിലെ ദുരൂഹത മാറ്റണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ എന്നിവര്‍ക്കും പിതാവ് പരാതി നല്‍കിയിട്ടുണ്ട്.