തൃശൂർ : തൃശ്ശൂരിൽ തെരുവു നായയുടെ കടിയേറ്റ പോസ്റ്റ് വുമൺ ഷീലയുടെ മരണം പേവിഷബാധയേറ്റല്ലെന്ന് സ്ഥിരീകരണം. പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചത്. കണ്ടാണിശ്ശേരിയിലെ പോസ്റ്റ് വുമണായ ഷീലയെ കഴിഞ്ഞ 14-ആം തിയ്യതിയാണ് നായ കടിച്ചത്. രണ്ടാമത്തെ കുത്തിവെയ്പ് എടുത്ത് ഒരു ദിവസം കഴിഞ്ഞപ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണം സംഭവിക്കുകയുമായിരുന്നു.
നായ കടിച്ചതിനാൽ പേവിഷബാധയോ മരുന്നിന്റെ റിയാക്ഷനാണോ ആകും മരണകാരണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ മരണ കാരണം പേവിഷബാധയേറ്റല്ലെന്ന് സ്ഥിരീകരിച്ചതോടെ അവ്യക്തത തുടരുകയാണ്. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാൻ കഴിയൂ. കണ്ടാണശ്ശേരി പോസ്റ്റ് ഓഫീസിലെ താൽക്കാലിക പോസ്റ്റ് വുമൺ ആണ് മരിച്ച ഷീല. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഇവർ രാത്രി സഹോദരിയുടെ വീട്ടിലാണ് ഉറങ്ങിയിരുന്നത്. ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് തെരുവുനായയുടെ കടിയേറ്റത്.