കോട്ടയം : അയർകുന്നത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതി മണർകാട് മാലം സ്വദേശി അജേഷിനെയാണ് ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചത്. കേസിൽ 20 വർഷം അധിക തടവും വിധിച്ചു. പോക്സോ കേസുകൾ പരിഗണിക്കുന്ന അഡീഷണൽ ജില്ലാ കോടതി ജഡ്ജി സാനു എസ് പണിക്കർ ആണ് വിധി പറഞ്ഞത്. പീഡനം, അന്യായമായി തടങ്കലിൽ പാർപ്പിക്കൽ, കൊലപാതം എന്നീ കുറ്റങ്ങൾ തെളിഞ്ഞു. പോക്സോ കേസിലെ അധിക തടവും ജീവപരന്ത്യവുമുൾപ്പടെ മുപ്പത്തിയഞ്ചര വർഷത്തേക്കാണ് ശിക്ഷ വിധിച്ചത്.
ശിക്ഷയ്ക്ക് പുറമെ പ്രതി രണ്ടര ലക്ഷം രൂപ പിഴയടയ്ക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എംഎൻ പുഷ്കരൻ ഹാജരായി. 2019 ജനുവരി 19നാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുമായി സൗഹൃദം നടിച്ച പ്രതി ജോലി ചെയ്യുന്ന ഇഷ്ടിക കമ്പനിയുടെ മുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ബോധരഹിതയായ കുട്ടിയെ ഷോൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് സമീപത്ത് മൃതദേഹം മറവു ചെയ്യാനും അജേഷ് ശ്രമിച്ചു. അയർക്കുന്നം പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതി ഭാഗം അഭിഭാഷകൻ വ്യക്തമാക്കി.