പത്തനംതിട്ട : തിരുവനന്തപുരം വിമാനത്തവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സഹപ്രവർത്തകനും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ. സുകാന്ത് ഉദ്യോഗസ്ഥയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകളുണ്ടാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് തയ്യാറാക്കിയതെന്നും പോലീസ് പറയുന്നു.
വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിൽ ആണ് ഉദ്യോഗസ്ഥ ഗര്‍ഭഛിദ്രം നടത്തിയത്.
സ്വകാര്യ ആശുപത്രിയിലായിരുന്നു അബോർഷൻ നടന്നത്. ഈ സംഭവത്തിന് ശേഷം സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറി. വിവാഹത്തിന് സമ്മതമല്ലെന്ന് കാണിച്ച് ഐബി ഉദ്യോഗസ്ഥയുടെ അമ്മയ്ക്ക് ഇയാൾ സന്ദേശം അയച്ചിരുന്നതായും പോലീസ് പറയുന്നു. അതേസമയം ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പോലീസ് ഇന്ന് കോടതായില്‍ റിപ്പോര്‍ട്ട് നല്‍കും. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് സുകാന്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.