കുവൈറ്റ് സിറ്റി : വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ മലയാളി നഴ്സ് ദമ്പതികളുടെ മരണം പുറംലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരണപ്പെട്ടത്. രണ്ടുപേരും കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരായിരുന്നു. പോലീസ് റിപ്പോർട്ട് പ്രകാരം അയൽക്കാർ സംശയത്തെത്തുടർന്ന് ഫ്ലാറ്റ് സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും തുടർന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് വിവരം ലഭിച്ചു. തുടർന്നാണ് ഫർവാനിയ പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയത്.
പോലീസ് അബ്ബാസിയയിലെ ഫ്‌ളാറ്റിൽ പോയി ഡോറിൽ മുട്ടിയപ്പോൾ ആരും വാതിൽ തുറന്നില്ല. തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി വാങ്ങി ഡോർ തകർത്ത് അപ്പാർട്ട്മെന്റിൽ പ്രവേശിച്ചപ്പോഴാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആദ്യത്തേത് കഴുത്തറത്ത നിലയിൽ കണ്ടെത്തിയ ഒരു സ്ത്രീയുടേതാണ് അവരുടെ രക്തം ഹാളിൽ നിറഞ്ഞിരുന്നു. തിരച്ചിലിനു ശേഷം മറ്റൊരു മൃതദേഹവും കണ്ടെത്തിയെന്നും പോലീസ് റിപ്പോര്‍ട്ടിൽ പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനമെന്നും പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.