വയനാട് : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അറസ്റ്റിലായ പ്രതികൾക്ക് വേണ്ടി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് സി.പി.എം നേതാവ് സി.കെ ശശീന്ദ്രൻ. പ്രതികളെ ഹാജരാക്കിയപ്പോൾ കോടതിയിൽ ചെന്നു. രക്ഷിതാക്കളോട് സംസാരിച്ച് തിരിച്ചു പോന്നു.മജിസ്‌ട്രേറ്റിന്റെ വീട്ടിൽ പോയിട്ടില്ല. നടക്കുന്നത് തെറ്റായ പ്രചാരണങ്ങളാണെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
‘മജിസ്‌ട്രേറ്റിനെ നേരിൽ കാണേണ്ട സാഹചര്യമുണ്ടായിട്ടില്ല. രക്ഷിതാക്കളുടെ കൂട്ടത്തില്‍ വയനാട്ടിലെ പ്രമുഖനായ കോൺഗ്രസ് നേതാവുമുണ്ടായിരുന്നു. അയാളുടെ മകനും ഇതിൽ പ്രതിയാണ്. ഏതെങ്കിലും വക്കീലിനെ ഞാൻ ഹാജരാക്കിയെന്ന് പറയാനാകുമോ’?; അദ്ദേഹം പറഞ്ഞു.
‘അന്വേഷണത്തിൽ പാർട്ടിയോ ഞാനോ ഇടപെട്ടിട്ടില്ല. എസ്.എഫ്.ഐ പരസ്യവിചാരണ നടത്തിയെന്ന എന്ന വാർത്ത വന്നതിനാലാണ് കോടതിയിലെത്തിയത്. ഞങ്ങൾ ഒരു വക്കീലിനെയും ഞങ്ങൾ ഏർപ്പാടാക്കി കൊടുത്തിട്ടില്ല. നിയമപരമായ കാര്യങ്ങൾ അങ്ങനെ നടക്കട്ടെ എന്ന് പറഞ്ഞു തിരിച്ചു പോരുകയാണുണ്ടായത്.ഡി.വൈ.എസ്.പിയെ യെ ഭീഷണിപ്പെടുത്തിയിട്ടില്ല.’.ശശീന്ദ്രൻ പറയുന്നു.