ഡെറാഡൂണ്‍: രണ്ടാഴ്ചയോളം അധികൃതരില്‍നിന്ന് 65 കോവിഡ് മരണം മറച്ചുവെച്ച ഹരിദ്വാറിലെ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ഏപ്രില്‍ 25നും മേയ് 12നും ഇടയില്‍ 65 കോവിഡ് രോഗികളാണ് ബാബ ബര്‍ഫാനി ആശുപത്രിയില്‍ മരിച്ചത്. എന്നാല്‍ മരണസംഖ്യ സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നാണ് ആരോപണം.
മരണസംഖ്യ സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ആശുപത്രി മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് സത്യം പുറത്തുവന്നതെന്ന് കണ്‍ട്രോള്‍ റൂം അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ സുബോധ് ഉനിയാല്‍ പറഞ്ഞു.
ആശുപത്രിയില്‍ കോവിഡ് മരണമുണ്ടായാല്‍ 24 മണിക്കൂറിനകം അധികൃതര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നാണ് ഉത്തരവ്. ആശുപത്രി ഇത് പാലിക്കാന്‍ തയ്യാറായില്ലെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ അഭിഷേക് ത്രിപാദി പറഞ്ഞു. ജീവനക്കാരുടെ ക്ഷാമമുള്ളതിനാല്‍ കൃത്യസമയത്ത് വിവരം അറിയിക്കാന്‍ സാധിച്ചില്ലെന്നാണ് സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വിശദീകരണം.