ഗസ്സ: ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 4700 കടന്നു. ഇന്ധനം ഇല്ലാതായതോടെ ആശുപത്രികളിൽ പലതും പ്രവർത്തനം നിർത്തേണ്ട സ്ഥിതിയിലാണ്. യുദ്ധം വ്യാപിച്ചേക്കുമെന്ന ആശങ്ക ശക്തമായിരിക്കെ, ലബനാൻ അതിർത്തി പ്രദേശങ്ങളിൽനിന്ന് പുതുതായി പതിനായിരങ്ങളെ ഇസ്രായേൽ ഒഴിപ്പിക്കുകയാണ്. യു.എൻ രക്ഷാസമിതിക്കു മുമ്പാകെ ഇന്ന് വീണ്ടും വെടിനിർത്തൽ പ്രമേയം ചർച്ചക്കെത്തും. ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം കൂടുതൽ കടുപ്പിച്ചതോടെ മരണസംഖ്യയും ഉയരുകയാണ്. ഞായറാഴ്ച മാത്രം 380 പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ അധികവും സ്ത്രീകളും കുട്ടികളും. തെക്കൻ ഗസ്സയിലെ നിരവധി താമസ കേന്ദ്രങ്ങൾക്കും അഭയാർഥികൾ തങ്ങുന്ന സ്‌കൂളുകൾക്കും നേരെ ആക്രമണമുണ്ടായി.
റഫ അതിർത്തി മുഖേന പരിമിതമായ തോതിൽ ഇന്നലെയും സഹായം എത്തിയെങ്കിലും വലിയ മാനുഷിക ദുരന്തത്തിലേക്ക് തന്നെയാണ് ഗസ്സ നീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ റീജ്യനൽ ഡയറക്ടർ പറഞ്ഞു. ആരോഗ്യമേഖല ശരിക്കും തകർച്ചയിലാണ്. ഗസ്സയിലെ 35 ആശുപത്രികളിൽ 20 എണ്ണത്തിന്റെയും പ്രവർത്തനം നിലച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ധനം എത്തിയില്ലെങ്കിൽ ആയിരത്തിലേറെ കിഡ്‌നി രോഗികൾ മരണപ്പെടുമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകി. ഹമാസ് പോരാളികളുടെ പ്രത്യാക്രമണത്തിൽ ഒരു ഇസ്രായേൽ സൈനികൻ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു