ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 24 മണിക്കൂറിനുള്ളില്‍ 25 പേര്‍ ഹൃദയാഘാതത്തെയും മസ്തിഷ്കാഘാതത്തെയും തുടര്‍ന്ന് മരിച്ചു. നഗരത്തില്‍ കടുത്ത ശൈത്യം തുടരുന്നതിനിടെ ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സ തേടുന്നവരുടെ എണ്ണം ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച മാത്രം 723 രോഗികളാണ് കാണ്‍പൂരിലെ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയ്ക്കായി എത്തിയത്. ഇതില്‍ 40ലധികം പേരുടെ നില ഗുരുതരമാണെന്ന് കണ്ടെത്തി.
ഉടന്‍ തന്നെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 723 രോഗികളില്‍ 39 പേര്‍ക്ക് ശസ്ത്രക്രിയ നടത്തേണ്ടി വന്നതായി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരു രോഗിക്ക് ആന്‍ജിയോഗ്രാഫി ചെയ്തു. അതേസമയം ചികിത്സയിലിരിക്കെ ഏഴ് പേര്‍ മരിച്ചു. ഇതോടൊപ്പം ഹൃദയാഘാതവും മസ്തിഷ്‌കാഘാതവും മൂലം മരിച്ചവരുടെ എണ്ണം 25 ആയി. ഇവരില്‍ 17 ഹൃദ്രോഗികള്‍ക്ക് തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അടിയന്തര ചികിത്സ ലഭിക്കുന്നതിന് മുമ്പ് ഇവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
വിദഗ്ധരുടെ അഭിപ്രായത്തില്‍ ജനുവരിയിലെ അതിശൈത്യം ഹൃദയത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കും. തണുപ്പില്‍ പെട്ടെന്ന് രക്തസമ്മര്‍ദ്ദം കൂടുന്നതിനാല്‍ സിരകളില്‍ രക്തം കട്ടപിടിക്കും. ഹൃദയാഘാതവും മസ്തിഷ്കാഘാതവും സംഭവിക്കുന്നതിന്‍റെ കാരണം ഇതാണ്. ശീതകാലഘട്ടത്തില്‍ രോഗികള്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണമെന്ന് കാര്‍ഡിയോളജി വിഭാഗം ഡയറക്ടര്‍ പ്രൊഫസര്‍ വിനയ് കൃഷ്ണ പറയുന്നു. ആവശ്യമുള്ളപ്പോള്‍ മാത്രം പുറത്തിറങ്ങുക.
ചൂടുള്ള വസ്ത്രങ്ങള്‍ കൊണ്ട് ചെവിയും മൂക്കും തലയും മറച്ചതിന് ശേഷം മാത്രം പുറത്തിറങ്ങുക. അതേസമയം 60 വയസ്സിനു മുകളിലുള്ളവര്‍ ഈ സമയം പുറത്തിറങ്ങരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ഹൃദ്രോഗമുള്ളവര്‍ രാത്രിയില്‍ ലഘുഭക്ഷണം കഴിക്കണമെന്നും നിര്‍ദേശിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുപിയിലെ പല പ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ് കാണപ്പെടുന്നത്. വെള്ളിയാഴ്ച മുതല്‍ ചെറിയ മാറ്റത്തിന് സാധ്യതയുണ്ടെങ്കിലും അടുത്ത മൂന്ന്-നാല് ദിവസത്തേക്ക് കടുത്ത തണുപ്പില്‍ നിന്ന് വലിയ ആശ്വാസം പ്രതീക്ഷിക്കുന്നില്ല.