ദില്ലി : രാജ്യതലസ്ഥാനത്ത് ഒരാഴ്ചയിലധികമായി സമരം ചെയ്യുന്ന കര്‍ഷകര്‍ തങ്ങളുടെ പോരാട്ടം ദേശീയ തലത്തിലേക്ക് മാറ്റുന്നു. ഡിസംബര്‍ എട്ടിന് കര്‍ഷകര്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചു. ഡിസംബര്‍ അഞ്ചിന് രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും തീരുമാനിച്ചുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി എച്ച്‌എസ് ലാഖോവാള്‍ സിങ്കുവിലെ സമര ഭൂമിയില്‍ മാധ്യമങ്ങളെ അറിയിച്ചു.
ദില്ലിയിലേക്കുള്ള എല്ലാ റോഡുകള്‍ ഉപരോധിക്കാനാണ് കര്‍ഷകരുടെ മറ്റൊരു തീരുമാനം. സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന സമരമുറകളാണ് അവര്‍ സ്വീകരിക്കുന്നത്. പഞ്ചാബില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഹരിയാനയിലേക്ക് കടക്കുന്ന വേളയില്‍ സരമം പോലീസ് ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഒടുവില്‍ ദില്ലി അതിര്‍ത്തിയിലേക്ക് നീങ്ങാന്‍ അനുവദിക്കുകയായിരുന്നു. തുടര്‍ന്നാണ് ദില്ലി അതിര്‍ത്തിയില്‍ അവരെ തടഞ്ഞത്. അവിടെ തന്നെ ഇരുന്ന് സമരം തുടരുകയാണ് കര്‍ഷകര്‍.
അതേസമയം സമരത്തിന് ദേശീയ തലത്തില്‍ പിന്തുണ വര്‍ധിക്കുകയാണ്. ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് മുതല്‍ സാഹിത്യകാരും മറ്റും പിന്തുണയര്‍പ്പിച്ചു. ഒട്ടേറെ മുന്‍ കായിക താരങ്ങള്‍ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കി പ്രതിഷേധിച്ചു. മാസങ്ങളോളം സമരം ചെയ്യാനുള്ള ഒരുക്കത്തിലാണ് സമരക്കാര്‍ ദില്ലിയിലേക്ക് എത്തിയിട്ടുള്ളത്. ഈ വേളയില്‍ അവരുടെ കൃഷിയിടം നോക്കുന്നത് വനിതകളാണ്. സമരക്കാര്‍ക്ക് പിന്തുണ നല്‍കി കനേഡിയന്‍ പ്രധാനമന്ത്രിയും രംഗത്തുവന്നിരുന്നു. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നു. സൗഹൃദം തകര്‍ക്കുന്ന നിലപാടുകള്‍ സ്വീകരിക്കരുത് എന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കര്‍ഷകരുടെ പ്രതിഷേധം കണക്കിലെടുക്കണമെന്നും അന്നമൂട്ടുന്ന ജനങ്ങള്‍ ഇപ്പോള്‍ തെരുവില്‍ കഴിയുകയാണെന്നും നടന്‍ കാര്‍ത്തി പറയുന്നു. അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും കാര്‍ത്തി ആവശ്യപ്പെടുന്നു. സമരക്കാര്‍ക്ക് നേരെ ബോളിവുഡ് നടി കങ്കണയും ബിജെപി നേതാക്കളും രംഗത്തുവന്നിരുന്നു. സമരക്കാരെ തുടച്ച് നീക്കണമെന്നാണ് ദില്ലി ബിജെപി മുന്‍ അധ്യക്ഷന്‍ മനോജ് തിവാരി ആവശ്യപ്പെട്ടത്.
വിവാദമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് അവരുടെ ആവശ്യം. മൂന്ന് തവണ ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്താന്‍ തീരമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഭാരത ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ലക്ഷ്യം നേടാനാണ് സമരക്കാരുടെ ശ്രമം. ശനിയാഴ്ചത്തെ ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ പ്രക്ഷുബ്ദമാകാനാണ് സാധ്യത.