പത്തനംതിട്ട : റാന്നി – കോഴഞ്ചേരി പാതയിലെ പുതമണ്ണില്‍ പാലത്തിനുണ്ടായ തകര്‍ച്ചയേ തുടര്‍ന്ന് നാട്ടുകാര്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ചെറുകോല്‍ പഞ്ചായത്ത് പൗരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് കീക്കൊഴൂരില്‍ അവകാശ പ്രഖ്യാപന സമ്മേളനം നടക്കും. വൈകിട്ട് പുതമണ്‍ പാലത്തിനു സമീപത്തുനിന്ന് പ്രതിഷേധ ജാഥയും തുടര്‍ന്ന് കീക്കൊഴൂര്‍ പാലം ജംഗ്‌ഷനില്‍ സമ്മേളനവും നടക്കും. താത്‌കാലിക പാലം ഉടന്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം വന്നിട്ടു നാളുകളായി. ജനപ്രതി നിധികളെ അടക്കം പങ്കെടുപ്പിച്ചാണ് അവകാശ പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പുതമണ്‍ പാലത്തോടു താല്‍ക്കാലിക പാത നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടി അടുത്തിടെ തുടങ്ങിയിരുന്നു. സ്ഥലം ഒരുക്കുന്ന പണിയാണ് ആരംഭിച്ചത്. പെരുന്തോടിനു കുറുകെ ഒരു മീറ്റര്‍ വ്യാസമുള്ള നാല് പൈപ്പുകള്‍ സ്ഥാപിച്ചാണ് പാത ക്രമീകരിക്കാന്‍ ലക്ഷ്യമിട്ടത്. പൈപ്പിന് മുകളില്‍ മണ്ണിട്ട് ഉറപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ചപ്പാത്ത് മാതൃകയിയില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട പാതയും പ്രഖ്യാപനത്തില്‍ ഒതുങ്ങി.
കഴിഞ്ഞ ജനുവരി 25ന് വൈകിട്ടാണ് പുതമണ്‍ പാലത്തില്‍ തകര്‍ച്ച കാണപ്പെട്ടത്. പഴയ പാലത്തിന്റെ ബീമിനു പൊട്ടല്‍ കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് വാഹന ഗതാഗതം നിരോധിച്ചു. റോഡിനു വീതി കൂട്ടിയപ്പോള്‍ പഴയ പാലത്തിന്റെ ഇരുവശങ്ങളിലേക്കും വീതി കൂട്ടി നിര്‍മാണം നടത്തിയിരുന്നു. ഈ ഭാഗങ്ങള്‍ക്കു കുഴപ്പമില്ല. ഇതിലെ ചെറിയ വാഹനങ്ങള്‍ കടത്തി വിടുന്നുണ്ട്. പുതിയ പാലത്തിന്റെ എസ്‌റ്റിമേറ്റും രൂപരേഖയും സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് അംഗീകാരം ലഭിച്ച് ഫണ്ടും അനുവദിച്ചാല്‍ കരാര്‍ ചെയ്‌ത് പുതിയ പാലത്തിന്റെ പണി ആരംഭിക്കാം. ശബരിമല സീസണ്‍ ആരംഭിക്കാന്‍ ആഴ്‌ച്ചകള്‍ മാത്രം ശേഷിച്ചിരിക്കെ താത്‌കാലിക പാലം അടിയന്തരമായി നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.