ബെംഗളൂരു: മുന്‍ കബഡി താരവും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ബി.സി രമേശിനെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. വനിതാ ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ ജേതാവ് ഉഷാറാണിയുടെ പരാതിയിലാണ് നടപടി. ബി.സി രമേഷും സുഹൃത്തുക്കളും ബെംഗളൂരുവില്‍ വച്ച് കബഡി താരമായ ഉഷാറാണിയെ മോശമായ വാക്കുകള്‍ പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് പരാതി. ഉഷാറാണിയും ബി.സി രമേഷും തമ്മില്‍ വാക്കേറ്റവുമുണ്ടായി. സംഭവത്തിന് പിന്നാലെ ഉഷാറാണി ബെംഗളൂരു സിറ്റിപോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.
ചൊവ്വാഴ്ച കര്‍ണാടക കബഡി അസോസിയേഷനിലാണ് സംഭവം. നഗരത്തിലെ കബഡി ക്യാമ്പില്‍ നടന്ന സംഭവത്തില്‍ രമേശിനെയും കര്‍ണാടക കബഡി അസോസിയേഷനിലെ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കലടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അര്‍ജുന അവാര്‍ഡ് ജേതാവായ ബി.സി രമേഷ് നിലവില്‍ കര്‍ണാടക കബഡി അസോസിയേഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ്. കബഡി ടീമുകളായ ബെംഗളൂരു ബുള്‍സ്, ബംഗാള്‍ ടൈഗേഴ്സ്, പുനേരി പല്‍ത്താന്‍ എന്നിവരോടൊപ്പം പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.