കൊച്ചി : അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ട്രൂ ടിവി യുട്യൂബ് ചാനല്‍ എം.ഡി സൂരജ് പാലാക്കാരനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തു. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ യുട്യൂബ് ചാനലിലൂടെ അസഭ്യം പറഞ്ഞ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് കേസ്. എറണാകുളം സൗത്ത് പൊലീസാണ് പാലാ കടനാട് സ്വദേശി സൂരജ് പാലാക്കാരന്‍ എന്ന സൂരജ് വി സുകുമാറിനെതിരെ കേസെടുത്തത്.
ജൂണ്‍ ഇരുപത്തൊന്നിനാണ് സൂരജ് യുട്യൂബ് ചാനലില്‍ യുവതിക്കെതിരെ പരാമര്‍ശങ്ങളുള്ള വീഡിയോ അപ്‌ലോഡ് ചെയ്‌തത്. നാലുലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടിരുന്നു. ക്രൈം നന്ദകുമാറിനെതിരെ കെട്ടിച്ചമച്ച കേസാണ് പോലീസ് രജിസ്‌റ്റര്‍ ചെയ്‌തതെന്നും വീഡിയോയില്‍ ആരോപിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം നന്ദകുമാറിനെ എറണാകുളം നോര്‍ത്ത് പോലീസ് ജൂണ്‍ 17ന് അറസ്റ്റ് ചെയ്‌തതിനുപിന്നാലെയാണ് ഇദ്ദേഹം യുവതിക്കെതിരെ രംഗത്തെത്തിയത്.
അതേസമയം നന്ദകുമാര്‍ റിമാന്‍ഡിലാണ്. യുവതി എറണാകുളം സൗത്ത് പോലീസിന് നല്‍കിയ പരാതിയിലാണ് കേസ്. ഒളിവിലുള്ള ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. സൂരജിനെ അന്വേഷിച്ച് പോലീസ് പാലായിലെ വീട്ടില്‍ എത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായില്ല. പട്ടികജാതി–വര്‍ഗ പീഡന അതിക്രമ നിരോധനനിയമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് സൗത്ത് എസിപി പി.രാജ്‌കുമാര്‍ പറഞ്ഞു.