അടൂര്‍ : അടൂര്‍ -കായംകുളം റോഡില്‍ സെന്റ് മേരീസ് സ്കാനിങ് സെന്ററിന് സമീപമുള്ള ക്യാമറ സ്കാന്‍ എന്ന സ്ഥാപനത്തില്‍ നിന്ന് 25 ലക്ഷം രൂപയുടെ വില കൂടിയ ക്യാമറകള്‍ മോഷ്ടിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. വൈക്കം ഉദയനാപുരം ഷാജാസ് ഭവനില്‍ ഷിജാസിനെയാണ് (36) അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20ന് പുലര്‍ച്ചയാണ് സംഭവം. കോട്ടയം പള്ളം സ്വദേശി എബി ജോര്‍ജ് എന്നയാളുടെയാണ് സ്ഥാപനം. കടയുടെ ഷട്ടറിെന്റ പൂട്ടുപൊളിച്ച് അകത്തു കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന നിക്കോണ്‍, കാനോണ്‍, ലുമിക്സ്, സോണി, പാനാസോണിക് തുടങ്ങിയ കമ്പനികളുടെ ക്യാമറകളും വിലകൂടിയ ബാറ്ററികളും, ക്യാമറ ലെന്‍സുകളും, ചാര്‍ജറുകളും കൈക്കലാക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച പോലീസിന് വ്യക്തമായ തെളിവുകളൊന്നും ആദ്യം ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് ജില്ല പോലീസ് മേധാവി ആര്.നിശാന്തിനിയുടെ നിര്‍ദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പന്തളം കുരമ്പാലയിലെ ഒരു മൊബൈല്‍ ഷോപ്പില്‍നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികള്‍ സഞ്ചരിച്ച കെ.എസ്.ആര്.ടി.സി ബസിനെ കുറിച്ച് ആദ്യ സൂചന ലഭിച്ചത്. ഏതയാണ്ട് മോഷണം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ് കടന്നുപോയ ബസിന്റെ പിന്നിലെ എമര്‍ജന്‍സി വിന്‍ഡോയുടെ ഭാഗത്ത് രണ്ടു ചാക്കുകെട്ട്.
ആ ചാക്കു കെട്ട് ഇരുന്ന ബസ് ഏതെന്ന് കണ്ടു പിടിച്ചു. പിന്നെ ബസ് സഞ്ചരിച്ച വഴികളിലൂടെ മുന്നോട്ടു നീങ്ങി. ഇതിനെ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തില്‍ മുഖ്യപ്രതിയുടെ ഒളിത്താവളം പാലക്കാട് ആണെന്ന് മനസ്സിലായി.. സിസിടിവി ദൃശ്യങ്ങളുടെയും മോഷ്ടിച്ച ക്യാമറകളില്‍ ഒന്ന് പ്രതി വില്‍പ്പനയ്ക്കായി കൊണ്ടുചെന്ന കടയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു
പ്രതിയെ ഒടുവില്‍ മൂവാറ്റുപുഴയിലെ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന ലോഡ്ജില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംസ്ഥാനത്തെ വിവിധ കടകളില്‍നിന്ന് മോഷ്ടിച്ച ലക്ഷങ്ങള്‍ വിലവരുന്ന ക്യാമറകള്‍ ഉള്‍പ്പെെടയുള്ളവ ഇയാളില്‍നിന്ന് പോലീസ് കണ്ടെടുത്തു. കേരളത്തില്‍ വിവിധ ജില്ലകളിലായി പതിനഞ്ചോളം മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
എം.എസ്.സി ബിരുദധാരിയായ പ്രതി കൃത്രിമമായി തയാറാക്കുന്ന ബില്ലുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായും സംശയിക്കുന്നതായി പോലീസ് അറിയിച്ചു. അടൂര്‍ ഡി.വൈ.എസ്.പി ആര്.ബിനുവിെന്റ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ ടി.ഡി പ്രജീഷ്, സബ് ഇന്‍സ്പെക്ടര്‍ മനീഷ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ സൂരജ്, പ്രവീണ്‍, രതീഷ് ചന്ദ്രന് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്പെക്ടര്‍ സായി സേനന്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സോളമന് ഡേവിഡ്, ഡ്രൈവര്‍ സി.പി.ഒ സനില്‍ കുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.