റാന്നി : പെരുനാട് പഞ്ചായത്തിലെ തൊണ്ടിക്കയം-മണിയാർ റോഡിലെ തൊണ്ടിക്കയം പാലത്തിന്റെ മുടങ്ങിക്കിടക്കുന്ന പണികൾ പുനരാരംഭിക്കാൻ വൈകുന്നു. ആറുമാസത്തോളമായി പണികൾ മുടങ്ങിക്കിടക്കുകയാണ്. പെരുനാട് മഠത്തുംമൂഴി-കണ്ണനുമൺ-പുതുക്കട റോഡിലെ തൊണ്ടിക്കയത്തുനിന്നും മണിയാറിലേക്ക് തിരിയുന്ന പാതയിലാണ് തോടിന് കുറുകെ പാലം പണിയുന്നത്. പെരുനാട്ടിൽ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഡാമിന് സമീപമാണിത്. മഴക്കാലത്ത് ഡാമിൽ ജലനിരപ്പുയരുന്നതോടെ പാലം നിർമിക്കുന്ന ഭാഗമെല്ലാം വെള്ളത്തിനടിയിലാവുമായിരുന്നു. ചിലപ്പോൾ ദിവസങ്ങൾ ഇതുവഴിയുള്ള യാത്ര തടസ്സപ്പെടുമായിരുന്നു. നെടുമൺ, ഉഴം തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങൾ ഇതുകാരണം ബുദ്ധിമുട്ടനുഭവിച്ചുവരികയാണ്.
ഇവിടെ ഉയരത്തിൽ പാലം നിർമിക്കണമെന്ന് ഡാം വന്ന കാലം മുതൽ നാട്ടുകാർ ആവശ്യപ്പെട്ടുവരുന്നു. അങ്ങനെയാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പാലത്തിനായി ഫണ്ടനുവദിച്ചത്. 98 ലക്ഷം രൂപയാണ് പാലത്തിനും അപ്രോച്ച് റോഡിനുമായി അനുവദിച്ചത്. ഒരുവർഷം മുമ്പ് പണികൾ തുടങ്ങി.എന്നാൽ ഇരുകരകളിലും അബട്ട്‌മെന്റുകൾ നിർമിച്ചതോടെ പണികൾ നിർത്തിവെച്ചു. വേഗത്തിൽ പണികൾ പൂർത്തിയാക്കാൻ എല്ലാവിധ സഹായങ്ങളും ചെയ്തുനൽകിയിരുന്നതായി പ്രമോദ് നാരായൺ എം.എൽ.എ. പറഞ്ഞു. പണികൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ഉടൻ തുടങ്ങുമെന്നാണ് മറുപടി നൽകുന്നതെന്നും എം.എൽ.എ. പറഞ്ഞു. കരാറുകാരന്റെ അനാസ്ഥയാണ് പണികൾ വൈകാൻ കാരണമെന്ന് നാട്ടിൽ പരക്കെ ആക്ഷേപമുണ്ട്. പാലം നിർമാണം പുനരാരംഭിക്കാൻ ജനപ്രതിനിധികൾ ശക്തമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.